തിരുവനന്തപുരം: മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ഫിഷ് ലാന്‍റിങ് സെന്‍റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഫിഷ് ലാന്‍റിങ് സെന്‍ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഉപഭോക്താവിന്‍റെ അടുത്ത് എത്തുന്നതുവരെ മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും. മത്സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരള മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്‍റെ പേര്.

മത്സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതി പത്രത്തില്‍ രേഖപ്പെടുത്തിയ സ്ഥലത്ത് മാത്രമേ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകൂ. അനുമതി പത്രത്തിന് മൂന്ന് വര്‍ഷമാണ് കാലാവധി.

ഫിഷ് ലാന്‍റിങ് സെന്‍ററുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്മെന്‍റ് സൊസൈറ്റി രൂപീകരിക്കുന്നതാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്മെന്‍റ് സൊസൈറ്റി രൂപീകരിക്കും. പൊതുഉടമയിലുളള എല്ലാ മത്സ്യമാര്‍ക്കറ്റുകള്‍ക്കും മാനേജ്മെന്‍റ് സൊസൈറ്റി രൂപീകരിക്കുന്നതാണ്. മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണത്തിന് 5.95 ലക്ഷം പേര്‍ക്ക് സൗജന്യ കിറ്റ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും.

സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കും

കേരളത്തിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 15 പേര്‍ വീതമുളള അഞ്ച് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിക്കുന്നത്. കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ബോട്ട് കൈകാര്യം ചെയ്യല്‍, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പ്രതിദിനം 700 രൂപ സ്റ്റൈപന്‍റോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനം മുഖേനയാണ് പരിശീലനം. ഇതിനാവശ്യമായ 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള ഹോസ്റ്റലുകളില്‍ വാച്ച്മാന്‍മാരുടെ 100 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പി.എസ്.സി വഴി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലൂടെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരെ മാത്രമാണ് ഈ തസ്തികകളില്‍ നിയമിക്കുക.

മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ്

സംസ്ഥാനത്തെ മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനുളള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്രസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്. ക്ഷേമനിധിയില്‍ അംഗമായ ഓരോ മദ്രസ അധ്യാപകനും പ്രതിമാസം 50 രൂപ അംശാദായം അടയ്ക്കേണ്ടതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ