തിരുവനന്തപുരം: ലോ അക്കാദമി സമരം അന്യായമെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ സമരത്തെ കുറിച്ചുള്ള വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 26 ദിവസമായി ലോ അക്കാദമിയിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തെ കുറിച്ചാണ് മന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

എസ്എഫ്ഐ ​നേരത്തെ സമരത്തിൽനിന്നു പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസം സമരം നടത്തുന്ന മറ്റ് സംഘടനകളും വിദ്യാർഥികളും വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും അലസിപ്പിരിഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ സമരം വിദ്യാർഥികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയുൾപ്പടെയാണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. ഇതേകുറിച്ച് ലോ അക്കാദമി ഭൂമി സംബന്ധിച്ച് പരിശോധനയ്ക്കു പോകുന്ന പ്രശ്നമില്ലെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനോട് സർക്കാർ ഭൂമി ആര് കൈയ്യടക്കിയാലും അത് തിരിച്ചെടുക്കണമെന്നത് സർക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും അത് ചെയ്തേ പറ്റൂവെന്നും വിഎസ് പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ