തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. സുപ്രീം കോടതി വിധി വന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കാൻ വൈകുന്നതിനിടെയാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തായത്.

സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിക്ക് ഒരു സാധ്യതയുമില്ല. കോടതി വിധി നടപ്പാക്കുകയാണ് ഉചിതം. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയിൽ മാറ്റം വരാനിടയില്ലെന്നും നിയമ സെക്രട്ടറി പി.ജി.ഹരീന്ദ്രനാഥ് സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകി. പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയത്. പകരം ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചു. ഇതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ