തിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇനി ഒരുത്തനേയും ഇവിടെ ഒരു പെണ്ണിന്റെയും ദേഹത്ത് വെറുതെ പോലും കൈവെക്കാന്‍ സമ്മതിക്കരുതെന്നും ഇവരുടെയൊക്കെ ശരീരത്തില്‍ ജന്‍മനാ കൊടുത്തിരിക്കുന്ന യന്ത്രം നിഷ്‌ക്രിയമാക്കുകയാണ് വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പീഡിപ്പിക്കപ്പെടുന്ന കാലമാണ്. സ്ത്രീകളെ ആക്രമിക്കുന്നവർക്കെതിരെയുള്ള നിയമത്തിൽ ഭേദഗതി വരുത്തണം. ആക്രമിക്കപ്പെട്ടാൽ സ്ത്രീകൾ പുറത്ത് പറയില്ലെന്ന ധൈര്യത്തിലാണ് ഇവർ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്ന ഒരുത്തനും ജീവിച്ചിരിക്കാൻ പാടില്ലെന്നാണ് തന്റെ പക്ഷമെന്നും ഭാഗ്യലക്ഷമി കൂട്ടിച്ചേര്‍ത്തു.

ഒരു സ്ത്രീക്ക് നേരെ രൂക്ഷമായി നോക്കുന്നവനോ, വൃത്തികേടായി കൈവെക്കുന്നവനോ ഈ രാജ്യത്തിനി ജീവിച്ചിരിക്കേണ്ട. അവന്‍ ഇനി ഒരു പെണ്ണിനേയും നോക്കരുത്. ഒരു പെണ്ണിനേയും അവന്‍ തൊടരുത്. അത്ര വേദനയോടുകൂടിയാണ് ഞാന്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നമ്മളിവിടെ രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. അത് എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതുകൊണ്ടോ തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ നിര്‍ത്തരുതെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച നികൃഷ്ട ജൻമത്തിന് കോടതി ജാമ്യം അനുവദിച്ചാൽ സിനിമാപ്രവർത്തകർ കാസർകോട് മുതൽ പാറശാല വരെ പ്രതിഷേധിക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.