കോട്ടയം: അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന സർക്കാർ തന്നെ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് ഹാരിസൺ ഉൾപ്പടെയുളള വൻ കമ്പനികളെ സംരക്ഷിക്കാനുളള നീക്കമെന്ന് ആരോപണം.
അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന വമ്പന്മാരെ രക്ഷിക്കാനുളള​ സർക്കാർ നീക്കമാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് വഴിയൊരുക്കുന്നതെന്ന് അഭിഭാഷകരും ഭൂ പരിഷ്ക്കരണ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരും പറയുന്നു. സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന വമ്പന്‍ കമ്പനികള്‍ക്കെതിരായ നടപടികള്‍ അതിന്റെ അന്ത്യ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് നിയമ സെക്രട്ടറിയുടെ പുതിയ റിപ്പോർട്ട്. ഭൂ രഹിതരെയും കർഷകരെയും വഴിയാധാരമാക്കുകയും വൻകിടക്കാരെ സംരക്ഷിക്കുകയും ചെയ്യാനുളള സർക്കാർ തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.
ഹാരിസണ്‍ മലയാളം കമ്പനി മാത്രം  കേരളത്തില്‍ അനധികൃതമായി കൈവശം വയ്ക്കുന്നതാണെന്നു വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയ 62,000 ഏക്കര്‍ ഭൂമിയില്‍ 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്തു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാലതെല്ലാം അപ്രസക്തമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

susheela bhatt, harison estate case, land issue,

അഡ്വ. സുശീലാ ആർ. ഭട്ട്

കേരളത്തില്‍ വിവിധ സ്വകാര്യ കമ്പനികളുടെ പേരിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ചു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കായി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ എംജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. എന്നാല്‍ നിയമ സെക്രട്ടറിയുടെ ശുപാര്‍ശ നടപ്പായാല്‍ ഈ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയാതെ വരും. ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ട് (ഫെറ) എന്നിവ നിലവില്‍ വന്നതോടെ വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന ഭൂമികള്‍ സര്‍ക്കാരിന്റേതായി മാറിയെന്നും ഇത് ഏറ്റെടുക്കണമെന്നും രാജമാണിക്യം റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നതല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണെന്ന വാദമാണ് നിയമ സെക്രട്ടറി വിജി ഹരീന്ദ്രനാഥ് തന്റെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നത്. ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നു പറയുന്ന നിയമ സെക്രട്ടറി ഫെറ നിയമപ്രകാരം നടപടിയെടുക്കാന്‍ അവകാശമുള്ളതു റിസര്‍വു ബാങ്കിന് മാത്രമാണെന്ന വാദവും ഉയര്‍ത്തുന്നുണ്ട്.

നിയമവകുപ്പ് സെക്രട്ടറി ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് ഹാരിസണ്‍ മലയാളം ഉള്‍പ്പടെയുളള വമ്പന്‍ കമ്പനികളെ സഹായിക്കാന്‍ മാത്രം ലക്ഷ്യമിട്ടു തയാറാക്കിയിട്ടുള്ളതാണെന്ന് റവന്യൂ വകുപ്പിന്റെ മുന്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാ ആര്‍. ഭട്ട് പറയുന്നു. “നിയമ വകുപ്പ് തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടു വായിച്ചാല്‍ തോന്നുക ഇതു ഹാരിസണ്‍ മലയാളത്തിന് മാത്രം അവകാശപ്പെട്ട ഭൂമിയാണെന്നാണ്. എന്നാല്‍ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കണമെന്നു ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിക്കു വിപരീതമായാണ് ഇപ്പോള്‍ നിയമ വകുപ്പ് സെക്രട്ടറി തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ട്. 2013 ഫെബ്രുവരി 27 ന് ഒരു പൊതു താല്‍പര്യ ഹര്‍ജിയില്‍ വിധി പറഞ്ഞ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍ രണ്ടു മാസത്തിനകം നടപടി തുടങ്ങണമെന്നാണ് പറഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് എം.ജി. രാജമാണിക്യത്തെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇതു പ്രകാരം രാജമാണിക്യം ഭൂമിയെക്കുറിച്ച് വിശദമായി പഠിക്കുകയും ഹാരിസണിന് നോട്ടീസ് അയക്കുകയും ചെയ്തു. 2014-ല്‍ നിയമപ്രകാരം ഹാരിസണിന്റെ 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചെങ്കിലും തല്‍സ്ഥിതി തുടരാനാണ് ഉത്തരവിട്ടത്. ഭൂമി ഈടുവയ്ക്കാന്‍ പാടില്ല, അന്യാധീനപ്പെടുത്താന്‍ പാടില്ല, മരം മുറിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.” സുശീല ഭട്ട് പറഞ്ഞു.

Read More:”ഹാരിസൺ കേസ് പരാജയപ്പെട്ടാൽ അത് ഇടതുപക്ഷ സർക്കാരിന്റെ വീഴ്‌ച മാത്രം” മുൻ ഗവ: പ്ലീഡർ സുശീലാഭട്ട്

ഇത് മാത്രമല്ല, രാജമാണിക്യം റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെന്ന് ഓർക്കണമെന്ന മുൻ സ്പെഷ്യൾ പ്ലീഡർ വ്യക്തമാക്കുന്നു. “ഇതിന്റെ തുടർച്ചയായി വിശദമായ വാദങ്ങള്‍ കേട്ട് നവംബര്‍ 2015-ന് സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പി വി ആശ, ഹാരിസണ്‍ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് മുഴുവനായും സാധൂകരിച്ചു. ഇതിന്റെ അര്‍ഥം ഹാരിസണ്‍ ഭൂമി അനധികൃതമായി കൈയേറിയിരിക്കുകയാണെന്നും രാജമാണിക്യം സര്‍ക്കാര്‍ ഭൂമിയെന്ന നിലയില്‍ ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത നടപടി മുഴുവനായും നിയമസാധുതയുള്ളതായും വിലയിരുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഹാരിസണ്‍ കേസ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വിശദമായ വാദംം കേള്‍ക്കാനാന്‍ റഫര്‍ ചെയ്തിരിക്കുന്നത്. അതായത് കോടതി വഴി മാത്രമേ ഭൂമി ഏറ്റെടുക്കാനാവൂ എന്ന നിയമ സെക്രട്ടറിയുടെ കണ്ടെത്തല്‍ ഹൈക്കോടതി വിധിക്ക് വിരുദ്ധവും വിധിയോടുള്ള അനാദരവുമായി കണക്കാക്കേണ്ടി വരും. നിയമ സെക്രട്ടറി ഈ വിധി തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതിരിക്കുന്നതു തന്നെ ഹാരിസണ്‍ വിഷയത്തില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു,” സുശീലാ ഭട്ട് പറഞ്ഞു

അന്വേഷണ റിപ്പോര്‍ട്ടുകൾ ഹാരിസണിന്റെ അവകാശ വാദങ്ങളെ കുറിച്ച് പറയുന്നത്  ഇതാണ്

ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നുവന്നത് ഒരു പതിറ്റാണ്ടോളം മുന്‍പാണ്. തുടര്‍ന്നു വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ച മൂന്ന് അന്വേഷണ കമ്മീഷനുകളും സംസ്ഥാന വിജിലന്‍സ് വിഭാഗവും ഹാരിസണ്‍ മലയാളം കൈവശംവയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഒന്നൊഴിയാതെ ആ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഹാരിസണ്‍ മലയാളത്തിന് എതിരായാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതെന്നതു ചരിത്രം. ആദ്യം മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി ഹരന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതി ഹാരിസണ്‍ ഭൂമിയെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. ഹാരിസണ്‍ മലയാളം കമ്പനി 76,000-ത്തിലധികം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കേരളത്തില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഈ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും നിവേദിതാ പി ഹരന്‍ ഉള്‍പ്പെട്ട ഉന്നതതല സമതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് നിവേദിതാ പി ഹരന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ഹാരിസണ്‍ ഭൂമി വിഷയം പഠിക്കാന്‍ അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ഈ വിഷയത്തിലെ നിയമവശം പരിശോധിക്കാന്‍ ജസ്റ്റിസ് എല്‍ മനോഹരന്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഹാരിസണിന്റെ ഭൂമിയെക്കുറിച്ചുള്ള നിയമ വിഷയങ്ങള്‍ വിശദമായി പരിശോധിച്ച ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മീഷന്‍ ഹാരിസണ്‍ മലയാളത്തിന്റെ പക്കലുള്ള ഭൂമിയുടെ രേഖകളില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കുന്നതിനു നിയമപരമായി യാതൊരു തടസവുമില്ലെന്നും റിപ്പോട്ടു നല്‍കി. തുടര്‍ന്നു ഹാരിസണ്‍ ഭൂമി വിഷയം വിശദമായി പഠിക്കാന്‍ റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ പി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ വീണ്ടും സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഹാരിസണ്‍ മലയാളം കൈവശംവയ്ക്കുന്ന ഭൂമിയുടെ ആധാരത്തിന്റെ നിയമ സാധുതയില്‍ സംശയം പ്രകടിപ്പിച്ചത്. ഭൂമി കൈവശം വയ്ക്കാന്‍ നിയമപരമായി യാതൊരുവിധ അവകാശവും ഹാരിസണില്ലെന്നു കണ്ടെത്തിയ സജിത് ബാബു കമ്മീഷന്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍  അടിയന്തരമായി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ടു സര്‍ക്കാരിനു നല്‍കിയത്.

harison land issue, suseela bhatt,rajamanikyam report

ഹാരിസൺ ഭൂമി കേസും നിയമപോരാട്ടത്തിന്റെ നാൾ വഴികളും

ഹാരിസണ്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിനും എച്ച്എംഎലിനും എതിരായി സി ആര്‍ നജീബും അഡ്വക്കേറ്റ് കൃഷ്ണരാജും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായി വിധി വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സുശീല ഭട്ട് എത്തിയത്. അടുത്തിടെയാണ് സുശീല ഭട്ടിനെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നു സര്‍ക്കാര്‍ മാറ്റിയത്. ഹാരിസണ്‍ കേസില്‍ സുശീല ഭട്ട് വാദിക്കാനെത്തിയതോടെയാണ് കേസിന്റെ ഗതി തന്നെ മാറി മറിഞ്ഞു തുടങ്ങിയത്.

2012-ല്‍ ഹാരിസണിന്റെ രേഖകള്‍ മുഴുവന്‍ പരിശോധിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു സര്‍വേ മാപ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതു പരിശോധിച്ച സുശീല ഭട്ടാണ് ഹാരിസണ്‍ കൈവശം വയ്ക്കുന്ന ഭൂമികളുടെ സര്‍വേ മാപ്പില്‍ അതീവ ഗുരുതരമായ ക്രമക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയത് . ഇതിനെത്തുടര്‍ന്ന് ഹാരിസണിന്റെ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കായി വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നു സുശീല ഭട്ട് സര്‍ക്കാരിന് നിയമോപദേശം നല്‍കി. ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം പരിഗണിച്ച സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നു നടത്തിയ വിജിലന്‍സ് അന്വേഷണമാണ് ഹാരിസണ്‍ കമ്പനിയുടെ ഭൂമി സംബന്ധിച്ചും ആധാരം സംബന്ധിച്ചും നിര്‍ണായകമായ തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്.

ലണ്ടനില്‍ തയാറാക്കിയ ആധാരമാണ് ഹാരിസണ്‍ മലയാളം കമ്പനിയുടെ പക്കലുള്ളതെന്നും തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര വ്യാജമായുണ്ടാക്കിയാണ് ആധാരം ചമച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര അണ്ഡാകൃതിയിലുള്ളതായിരുന്നുവെങ്കില്‍ ഹാരിസണ്‍ മലയാളം ഹാജരാക്കിയ പട്ടയത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഡയമണ്ട് ആകൃതിയിലുള്ള മുദ്രയാണ്. 1923-ല്‍ തയാറാക്കിയതാണെന്നു ചൂണ്ടിക്കാട്ടി ഹാരിസണ്‍ സമര്‍പ്പിച്ച ആധാരത്തില്‍ 1968-നു ശേഷം ഉപയോഗിച്ചു തുടങ്ങിയ ലിപി സുശീല ഭട്ട് കണ്ടെത്തുകയായിരുന്നു. ഹാരിസണ്‍ വിവിധ ആധാരങ്ങളില്‍ ഉപയോഗിരിക്കുന്ന സര്‍വേ നമ്പരുകള്‍ വ്യാജമാണെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നു ഹാരിസണ്‍ കമ്പനി കൈവശം വയ്ക്കുന്ന ആധാരം വ്യാജമാണെന്നും വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടു നിന്ന ഹാരിസണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നു വ്യാജ ആധാരം ചമയ്ക്കാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച്  ഹാരിസണിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരേയും രജിസ്ട്രേഷന്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലിനു തടസം നേരിട്ടാല്‍ ഓര്‍ഡിനന്‍സ് ഇറക്കി മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാനും സര്‍ക്കാരിനു കഴിയുമെന്നും നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കി ഭൂമിയേറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതു മാത്രമാണു പ്രതിവിധിയെന്നും സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നേരത്തെ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലാണ് നിയമ സെക്രട്ടറി തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്.

നിയമ സെക്രട്ടറി തയാറാക്കിയിരിക്കുന്ന കത്തു പ്രകാരമാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഹാരിസണ്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനു പരാജയം നേരിടേണ്ടി വരുമെന്നു സുശീല ഭട്ട് മുന്നറിയിപ്പു നല്‍കുന്നു. “ഭൂമി ഹാരിസണിന് അവകാശപ്പെട്ടതാണല്ലോയന്നും ഇത് ഏറ്റെടുക്കാന്‍ കഴിയില്ലായെന്നും സംസ്ഥാന സര്‍ക്കാരിന്റെ തന്നെ നിയമ വകുപ്പ് പറഞ്ഞിട്ടുണ്ടല്ലോയെന്ന വാദം ഹാരിസണ്‍ കോടതിയിൽ ഉന്നയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന മറ്റു വമ്പന്‍ കമ്പനികളുടെ വിഷയത്തിലും ഇതേ രീതി തന്നെയാണുണ്ടാവുക. ഇപ്പോള്‍ നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വാദങ്ങളെല്ലാം തന്നെ വിവിധ അഭിഭാഷകര്‍ ഹാരിസണിനു വേണ്ടി വിവിധ കാലങ്ങളില്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തുകയും കോടതി നിരാകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്നവരെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ’ സുശീല ഭട്ട് പറയുന്നു.

ഈ കേസുകൾ പരാജയപ്പെടാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനയായാണ് സുശീല ​ഭട്ടിനെ ഗവ പ്ലീഡർ സ്ഥാനത്തുനിന്നും മാറ്റിയപ്പോൾ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ ആരോപണങ്ങളെ ശരിവെയ്ക്കുന്ന വിധത്തിലാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.