തിരുവനന്തപുരം: ലോ കോളേജിൽ ഇന്നലെയുണ്ടായ എസ്എഫ്ഐ – കെ.എസ്.യു സംഘർഷത്തെ ചൊല്ലി, സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രിതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്. എതിരാളികളെ ഇല്ലാതാകാൻ ഉത്തരവ് കൊടുക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ പഴയ കെ.എസ്.യുക്കാരന്റെ മുൻകോപമല്ല പ്രതിപക്ഷ നേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലോ കോളേജില്‍ എസ്എഫ്ഐക്കാർ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. എസ്എഫ്ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയായെന്നും പൊലീസ് പോലും നോക്കി നിൽക്കുമ്പോഴായിരുന്നു സംഘർഷമെന്നും ഇതിനെ മുഖ്യമന്ത്രി ന്യായീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ, പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും കെ.എസ്.യുവിന്റെ ദീർഘകാലത്തെ അതിക്രമങ്ങൾ നേരിട്ടാണ് എസ്എഫ്ഐ വളർന്ന് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂണിയന് ഉദ്ഘാടനം കഴിഞ്ഞ് പിരിഞ്ഞു പോകാതിരുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘർഷം. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. രണ്ട് സംഘടനയില്‍പ്പെട്ടവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗൗരവമായ രീതിയിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്, താന്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പല രാഷ്ട്രീയ അതിക്രമങ്ങളേയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
തുടർന്ന് ഗുണ്ടകൾക്ക് പ്രചോദനം നൽകുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇന്നലെയാണ് ലോ കോളേജിൽ എസ്എഫ്ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിന് ശേഷം വിദ്യർത്ഥികളുടെ വീട് കയറിയും ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. സംഭവത്തിൽ മ്യൂസിയം പൊലീസ് രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: രാജ്യസഭയിലേക്കും പുതിയ മുഖം; എ.എ.റഹീം സിപിഎം സ്ഥാനാർഥി