/indian-express-malayalam/media/media_files/uploads/2022/05/pinarayi-vijayan-4.jpg)
ആലപ്പുഴ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നു. അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അന്ധവിശ്വാസത്തിനെതിരായ നിയമ ഉടനുണ്ടാകും," മുഖ്യമന്ത്രി വ്യക്തമാക്കി.
"നാടിന്റെ പരിതാപകരമായ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെ നവോത്ഥാന നായകര്‍ ഇടപ്പെട്ടു. നവോത്ഥാന നായകരില്‍ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭന്‍ എന്നു മാത്രമാക്കി. അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേര്‍ക്കല്‍ ചിലര്‍ വീണ്ടും തുടരുന്നുണ്ട്," പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പത്തനംതിട്ട ഇലന്തൂരില്‍ നരബലിയെന്ന് സംശയിക്കപ്പെടുന്ന ഇരട്ടക്കൊലപാതകം നടന്നതിന് ശേഷം അന്ധവിശ്വാസങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇലന്തൂരില്‍ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. റോസ്ലി, പദ്മം എന്നീ സ്ത്രീകളാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇലന്തൂര്‍ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയിരുന്ന കേന്ദ്രം യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇവിടെ മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. മന്ത്രവാദ ചികിത്സ കേന്ദ്രം നടത്തിയിരുന്ന ദമ്പതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.