തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള​ സർക്കാർ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് നൽകാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിട്ടുളളത്. ലോ അക്കാദമിക്ക് നൽകിയ ഭൂമി വിദ്യാഭ്യാസേതര ​ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വി.എസ്.അച്യുതാനന്ദൻ ഈ​ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.

നേരത്തെ ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് വിദ്യാഭ്യാസ റവന്യൂ വകുപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തുവന്നിരുന്നു. ലോ അക്കാദമിക്ക് നൽകിയ സർക്കാർ ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ റവന്യൂ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. വിദ്യാഭ്യാസ വകുപ്പ് ​ഈ ഭൂമി വിദ്യാഭ്യാസേതര ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നതും.

സമരം 20 ദിവസം പിന്നിട്ടു കഴിഞ്ഞപ്പോൾ കൂടുതൽ ശക്തമാവുകയാണ്. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം ശക്തമാവുകയാണ്. തിങ്കളാഴ്ച മാനേജ്മെന്റും വിദ്യാർത്ഥികളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. പ്രിൻസിപ്പൽ രാജി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രിൻസിപ്പലും മാനേജ്മെന്റും സ്വീകരിച്ചത്. അവധിയിൽ പ്രവേശിക്കാമെന്ന നിലപാട് വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞു.

പേരൂർക്കട ലോ അക്കാദമിയുടെ സമീപത്തെ സമരപന്തൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.