തിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്റും വിദ്യാർത്ഥികളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെയ്ക്കില്ലെന്നും തൽക്കാലം ദീർഘകാല അവധിയെടുത്ത് മാറി നിൽക്കാമെന്നും അറിയിച്ചിരുന്നു. പ്രിൻസിപ്പലിനെ തൽക്കാലം മാറ്റി നിർത്താമെന്ന് മാനേജ്മെന്റും അറിയിച്ചു. എന്നാൽ ഈ നിർദേശം വിദ്യാർത്ഥികൾ തള്ളി. രാജിയില്ലാതെ ഒത്തുതീർപ്പിനില്ലെന്ന് വിദ്യാർത്ഥികളും വ്യക്തമാക്കി. പ്രിൻസിപ്പൽ രാജിവെയ്ക്കുംവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

ഇതര സംഘടനകൾ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയിട്ടും മാനേജ്മെന്റുമായി എസ്.എഫ്.ഐ ഭാരവാഹികൾ സംസാരിച്ചു. മാനേജ്മെന്റ് തങ്ങളുയർത്തിയ 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി ചർച്ചയ്ക്ക് ശേഷം എം വിജിൻ മാധ്യമപ്രവര്ർത്തകരോട് പറഞ്ഞു.

അതിനിടെ ലോ അക്കാദമിക്ക് മുന്നിൽ വിദ്യാർത്ഥികൾ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി ലക്ഷ്മി നായർ ഹൈക്കോടതിയിലെത്തി. കോളേജിന് അകത്തേക്കും പുറത്തേക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ആവശ്യമാണ് പ്രധാനമായും ഉയർത്തിയിരിക്കുന്നത്.
ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരാണ് കേസിൽ എതിർകക്ഷികൾ.

ലോ അക്കാദമിയിലെ സമരം വിദ്യാർത്ഥി പ്രശ്നമായി ചുരുക്കേണ്ടതല്ലെന്നും പൊതു പ്രശ്നമാണെന്നും അതിന് പരിഹാരമുണ്ടാകണമെന്നും വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന് മുന്നണിയിൽ നിന്നു തന്നെ സമ്മർദ്ദം വന്ന സാഹചര്യത്തിൽ സമരം ഒത്തു തീർപ്പാക്കണെന്നത് സർക്കാരിന്റെ ആവശ്യമായി മാറി. അങ്ങനെയാണ് 20 ദിവസം പിന്നിട്ടപ്പോൾ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് നിലപാടിൽ സർക്കാർ എത്തിയതെന്നാണ് സൂചന. തുടർന്നാണ് മാനേജ്മെന്റ് ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അവധിയിൽ പ്രവേശിപ്പിക്കാമെന്ന കാര്യം പരിഗണിച്ചത്.

പ്രിൻസിപ്പൽ രാജിവെയ്ക്കാതെ സമരം പിൻവലിക്കില്ലെന്ന് വ്യക്തമാക്കുന്ന വിദ്യാർത്ഥികൾ ലക്ഷ്മി നായർ കോളജിൽ തുടർന്നാൽ പകപോക്കൽ​ നടപടികളുണ്ടാകുമെന്ന് ഭയക്കുന്നതായും പറയുന്നു.

കോളജിന് സമീപം വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഇവിടെ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി. പേരൂർക്കട ലോ കോളജിന് മുന്നിലുള്ള സമരപന്തലുകൾ പൊളിക്കണമെന്ന് ആവശ്യവുമായി ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ