തിരുവനന്തപുരം: ലക്ഷ്‌മി നായരെ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന് സൂചന. ലക്ഷ്‌മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് അക്കാദമി ഡയറക്‌ടർ നാരായണൻ നായർ പറഞ്ഞു. കോളജിന്രെ ഡയറക്‌ടർ ബോർഡ് യോഗം ചേരുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലക്ഷ്‌മിയുടെ പിതാവ് കൂടിയായ നാരായണൻ നായർ.

ഡയറക്‌ടർ ബോർഡ് യോഗത്തിൽ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. സംഘടനകളുടെ രണ്ടു പ്രതിനിധികൾ വീതം യോഗത്തിനുണ്ടാകും. വിദ്യാർഥി പ്രതിനിധികളുമായുളള ചർച്ചയ്‌ക്ക് ശേഷം സമരം ഇന്ന് അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് നാരായണൻ നായർ അറിയിച്ചു. രാത്രി 8 മണിക്കാണ് മാനേജ്മെന്റും വിദ്യാർഥികളും തമ്മിലുളള​ ചർച്ച.

പ്രശ്‌നപരിഹാരം ഉടൻ ഉണ്ടാകണമെന്ന് സർക്കാർ നിലപാട് അറിയിച്ചിരുന്നു. സർക്കാർ ഇടപെട്ട് ലക്ഷ്‌മി നായരെ പുറത്താക്കുന്നതിന് പകരം സ്വയം രാജിവച്ച് മാറുന്നതിനുളള​ സമവായ ചർച്ചകൾ നേരത്തെ അക്കാദമി മാനേജ്മെന്റ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ ഡയറക്‌ടർ ബോർഡ് യോഗം. ലക്ഷ്‌മി നായർ രാജിവയ്‌ക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാർഥികൾ. ഇത് മാനേജ്മെന്റ് അംഗീകരിക്കുമെന്നാണ് നിലവിലുളള​ സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ