തിരുവനന്തപുരം: കേരള ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കെട്ടിടത്തിൽ ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നതിനെ കുറ്റപ്പെടുത്തിയതിനൊപ്പം പകുതിയിൽ കൂടുതൽ ഭൂമി അക്കാദമി ഉപയോഗപ്പെടുത്തിയില്ലെന്നും റവന്യൂ വകുപ്പിന് വേണ്ടി കലക്‌ടർ നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് റവന്യൂ സെക്രട്ടറി റവന്യൂ മന്ത്രിക്ക് കൈമാറിയതായി അറിയുന്നു. എന്നാൽ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു.
കോളേജ് കാംപസിൽ പ്രവർത്തിക്കുന്നത് എന്തൊക്കെയാണെന്ന് റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറികളും അദ്ധ്യാപകരുടെ മുറികളും ഹോസ്റ്റലും ലൈബ്രറിയും അനക്സും ഓഫീസും സ്റ്റേഡിയവും ലൈബ്രറിയും സെമിനാർ ഹോളും കാന്റീനും ക്വാർട്ടേഴ്സുമാണ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നത്.
മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കും ഹോട്ടലും വിദ്യാഭ്യാസ ആവശ്യങ്ങളുടെ പരിധിയിൽ പെടുന്നവയല്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എങ്കിലും ഇതിനായി അഞ്ചര ഏക്കർ ഭൂമി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നാണ് കണ്ടെത്തൽ. ശേഷിച്ച ആറര ഏക്കറോളം ഭൂമി വിനിയോഗിച്ചിട്ടുണ്ട്.
വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെങ്കിലും ഭൂമി സർക്കാരിന് എളുപ്പത്തിൽ ഏറ്റെടുക്കാനാവില്ല. ഇതിനായി വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഉപസമിതിയെ നിയോഗിച്ചേക്കും. ഇതിന് ശേഷമേ നടപടിയെടുക്കൂ. മന്ത്രിസഭ കൂട്ടായാണ് ഭൂമി തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ വ്യത്യസ്ത നിലപാട് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതെങ്ങിനെയാവുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തിൽ മാത്രമേ കളക്ടറുടെ റിപ്പോർട്ട് പരിഗണിക്കൂവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.