തിരുവനന്തപുരം: സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കി പീഡിയിലെ എസ്എഫ്ഐയുടെ പേജ് തിരുത്തി. ലോ കോളജ് വിഷയത്തില്‍ എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വിക്കിപീഡിയയില്‍ സംഘടനയെ കുറിച്ചുള്ള വിവരണം എഡിറ്റു ചെയ്ത് തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതെന്ന് കരുതുന്നു. തിരുത്തലുകളിൽ ലോ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുളളത്. ഫെബ്രുവരി മൂന്നാം തീയതിയായിരിക്കാം എന്ന് കരുതുന്നു. ഇന്നലെ രാത്രിയോടെ പേജിലെ തിരുത്തലുകൾ മാറ്റി പൂർവ സ്ഥിതിയിലാക്കിയിട്ടുണ്ട്.

എസ്എഫ്ഐയുടെ പൂര്‍ണരൂപമായ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെന്നതിന് ശിഖണ്ടി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാക്കിയാണ് എഡിറ്റ് ചെയ്ത് എതിരാളികള്‍ വിക്കിയില്‍ ചേര്‍ത്തു.
sfi, wikipedia

എസ്എഫ്ഐയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായി ലോ കോളജ് പ്രിന്‍സിപ്പലായ ലക്ഷ്മി നായരേയും അഖിലേന്ത്യാ പ്രസിഡന്റായി നാരായണ്‍ നായരേയും അവരോധിക്കുകയും ചെയ്തു പേജ് തിരുത്തിയവർ. യഥാര്‍ത്ഥത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ വിക്രം സിംഗും പ്രസിഡന്റ് വി.പി.സാനുവുമാണ്.

ആമുഖത്തില്‍ എസ്എഫ്ഐ എന്നത് ഇടതുപക്ഷ അനുഭാവമുള്ള ഒരു ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്ഐ എന്നും ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐയെന്നും പറയുന്നു. എന്നാല്‍ എഡിറ്റ് ചെയ്തവര്‍ ഇപ്പോള്‍ ഏകദേശം 62 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സംഘടനയില്‍ അംഗങ്ങള്‍ ആയി ഉണ്ട് എന്ന വിവരം എടുത്തു കളയാനും മറന്നുപോയി. എസ്എഫ്ഐയുടെ ചരിത്രം തിരുത്തിയെഴുതിയ എതിരാളികള്‍ എസ്എഫ്ഐ ലോ കോളജ് സമരത്തില്‍ നടന്ന സമ്മേളനത്തില്‍ വച്ച് മരിച്ചതായും രേഖപ്പെടുത്തുന്നു.
sfi-wiki2

എഐഎസ്എഫിനേയും ഫാസിസ്റ്റാക്കി ചിത്രീകരിക്കുന്നുണ്ട് പുതിയ എഡിറ്റര്‍. ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് നയവുമായി പൊക്കിള്‍ പൊടി ബന്ധമുണ്ടായിരുന്ന എഐഎസ്എഫ് പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ പക്ഷത്തു നിലയുറപ്പിച്ചപ്പോള്‍ പുതുതായി രൂപീകരിച്ച സിപിഐഎമ്മിനോടു അനുഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ കേരളത്തില്‍ കെഎസ്എഫ് എന്ന പേരില്‍ സംഘനയുണ്ടാക്കി.

അടുത്തകാലത്തായി കേരളത്തിലെ എല്ലാ സര്‍വകലാശാല യൂണിയനുകളിലും എസ്എഫ്ഐ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചിരുന്നു. ബഹുഭൂരിപക്ഷം കോളജുകളിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്. കയ്യൂക്കിന്റെ ബലത്തില്‍ ആണ് മിക്ക ക്യാംപസുകളിലും എസ്എഫ്ഐ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ സാന്നിധ്യം തടയുന്നത് എന്ന എതിരാളികളുടെ ആരോപണവും ഇവിടെ ചേര്‍ത്തിട്ടുണ്ട്. ദലിത് കീഴാള വിരുദ്ധ സമീപനങ്ങള്‍ എസ്എഫ്ഐയില്‍ നിന്നും ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
sfi-wiki3

ഓരോ വര്‍ഷവും ദലിത് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരേയും ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എതിരേയും ആക്രമണം നടത്തുന്ന എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയുടെ വ്യാപക വിമര്‍ശനമുണ്ടെന്നും എഴുതിയിട്ടുണ്ട്. ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചുവെന്നും സമരത്തെ കാലുവാരിയെന്നും എഐഎസ്എഫും എബിവിപിയും കെഎസ്യുവും ആരോപിക്കുന്നതിന് ഇടയിലാണ് സംഘടനയെ കുറിച്ചുള്ള വിവരങ്ങള്‍ വിക്കിയില്‍ എഡിറ്റു ചെയ്ത് മാറ്റിയെഴുതിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ