തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം തള്ളി. യുഡിഎഫ്, സിപിഐ അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വോട്ടെടുപ്പിനിട്ട ശേഷമാണ് തള്ളിയത്. സിപിഐ അംഗങ്ങളടക്കം എട്ടുപേർ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം, സിപിഎമ്മിന്റേതുൾപ്പെടെ 12 പേർ ഇതിനെ എതിർത്തു.
നിലവിൽ ലോ അക്കാദമിയിൽ പഠിക്കുന്ന വിദ്യാർഥികളെ ബാധിക്കാത്ത രീതിയിൽ അഫിലിയേഷൻ റദ്ദാക്കണം, കോളജ് ഭൂമി സർക്കാർ ഏറ്റെടുക്കണം, ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യുഡിഎഫ് ഉന്നയിച്ചത്. അക്കാദമിക്കെതിരെ കടുത്ത നടപടികൾ വേണ്ടെന്ന് സിപിഎം അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. ഈ വിഷയത്തിൽ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.
അതിനിടെ, ലക്ഷ്മി നായരുടെ എൽഎൽബി ബിരുദം സംബന്ധിച്ചും ലോ അക്കാദമിയിലെ മാർക്ക് ദാനത്തെക്കുറിച്ചും അന്വേഷിക്കാൻ യോഗം അംഗീകാരം നൽകി. ലക്ഷ്മി നായരുടെ ഭാവിമരുകൾ അനുരാധയിൽനിന്നും തെളിവെടുക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ലക്ഷ്മി നായർ ഒരേസമയം എൽഎൽബിയും പിജിയും നേടിയതിനെക്കുറിച്ചാണ് പരീക്ഷാ കമ്മിറ്റി അന്വേഷിക്കുക.