തിരുവനന്തപുരം: കേരള ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയിച്ചു. സമരത്തിൽ കാലാവധിയില്ലാതെ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയതോടെയാണ് 29 മത്തെ ദിവസം സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു. യു.ജി.സി അനുശാസിക്കുന്ന നിയമവും ചട്ടങ്ങളും അനുസരിച്ച് പുതിയ പ്രിൻസിപ്പലിനെ നിയമിക്കും. നേരത്തേ മാനേജ്മെന്റുമായി കരാർ ഒപ്പിട്ട എസ്.എഫ്.ഐ യും പുതിയ കരാറിൽ ഒപ്പിട്ടതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി പറഞ്ഞു. സ്ഥിരമായി പുതിയ പ്രിൻസിപ്പലിനെ നിയമിച്ചതോടെ ലക്ഷ്മി നായർക്ക് ഇനി ഈ സ്ഥാനത്തേക്ക് തിരികെ വരാൻ ആകില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അഞ്ച് വർഷത്തേയ്ക്ക് മാറ്റിയെന്ന നേരത്തേയുള്ള കരാർ മാറ്റി പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്നും വിദ്യാർത്ഥിനികളുടെ പ്രതിനിധിയായ ആര്യ പറഞ്ഞു. ഇതിനകത്ത് എന്തെങ്കിലും വ്യത്യാസം ഉണ്ടായാൽ വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെടുമെന്ന വിദ്യാർത്ഥികൾക്ക് ഉറപ്പും ലഭിച്ചു.
“സമരം തീരണമെന്ന ആഗ്രഹത്തോടെ തന്നെ എല്ലാവരും ഒരേ മട്ടിൽ സഹകരിച്ചു. തിങ്കളാഴ്ച മുതൽ ലോ അക്കാദമിയിൽ ക്ലാസുകൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നല്ല രീതിയിലുള്ള അക്കാദമിക്ക് സാഹചര്യം കോളേജിൽ നിലവിൽ വരുമെന്ന് എല്ലാ വിദ്യാർത്ഥി സംഘടനകളും ഉറപ്പു നൽകി. പ്രിൻസിപ്പലിനെ മാറ്റി എന്നതാണ്, അതിന് കാലാവധിയില്ല. കരാറിൽ നിന്ന് മാനേജ്മെന്റ് വ്യതിചലിച്ചാൽ സർക്കാർ ഇടപെടും” മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
നേരത്തെ സമരം ഒത്തുതീർപ്പാക്കാൻ വിദ്യാർഥികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മന്ത്രിതല ചർച്ച വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രി ചർച്ചയ്ക്കു തയാറായത്. മാനേജ്മെന്റ് പ്രതിനിധികളും സമരത്തിലേർപ്പെട്ടിരിക്കുന്ന സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സമരം നേരത്തേ അവസാനിപ്പിച്ച എസ്എഫ്ഐ ഭാരവാഹികളും ചർച്ചയ്‌ക്കെത്തിയിരുന്നു.
ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. ലക്ഷ്മി നായരെ രാജിവയ്പിക്കാൻ സർക്കാരിനു കഴിയില്ലെന്നും മാനേജ്മെന്റാണ് അതു തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷ്മി നായർക്കു പകരം പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്നുള്ള മാനേജ്മെന്റിന്റെ ഉറപ്പ് അംഗീകരിക്കണമെന്നും സമരത്തിൽനിന്നും പിന്മാറണമെന്നും മന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു. എന്നാൽ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കാൻ തയാറാകില്ലെന്നു വിദ്യാർഥികൾ നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടി. ഒടുവിൽ ചർച്ചയ്ക്കിടയിൽനിന്നും മന്ത്രി എഴുന്നേറ്റുപോവുകയായിരുന്നു.