തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് ഇനി തുറക്കില്ല. നാളെ തുറക്കാനുള്ള തീരുമാനം മാനേജ്മന്റ് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്താണ് മാനേജ്മെന്റ് തീരുമാനം. അതേസമയം, കഴിയുന്നതെല്ലാം ചെയ്തിട്ടും സമരം തീരുന്നില്ലെന്ന് ലോ അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായർ മനോരമ ന്യൂസിനോട് പറഞ്ഞു. വിദ്യാർഥി സമരം രാഷ്ട്രീയമായി മാറി. സമരം തീർന്നാൽ മാത്രമേ ഇനി കോളജ് തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനു വേണ്ടി പൊലീസ് സഹായം തേടുമെന്നും വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ സമരത്തിൽനിന്നും പിന്മാറിയ സാഹചര്യത്തിലാണ് ക്ലാസുകൾ ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

എന്നാൽ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളും നിരാഹാര സമരം തുടരുന്ന കെ.മുരളീധരൻ എംഎൽഎയും രംഗത്തെത്തിയിരുന്നു. ക്ലാസുകൾ തുടങ്ങാനുള്ള മാനേജ്മെന്റ് തീരുമാനം എന്തു വില കൊടുത്തും തടയുമെന്നു മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച പ്രത്യേക സിൻഡിക്കറ്റ് യോഗസ്ഥലത്തേക്ക് മാർച്ച് നടത്തുമെന്നു കെഎസ്‌യു അറിയിച്ചിട്ടുണ്ട്. ലോ അക്കാദമിയിലേക്ക് മാർച്ച് നടത്തുമെന്നു എബിവിപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു ലക്ഷ്മി നായർ രാജിവച്ചില്ലെങ്കിൽ താൻ ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന അയ്യപ്പൻപിള്ളയുടെ ഭീഷണി മാനേജ്മെന്റിനെ വെട്ടിലാക്കിയിട്ടുണ്ട്. നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.രാജേഷിന്റെ സമരപ്പന്തലിൽ എത്തിയാണ് അയ്യപ്പൻപിള്ള രാജിഭീഷണി മുഴക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ