ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിൽ സിബിഐ പ്രതി ചേർത്തിട്ടുള്ള കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവരുടെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. പിണറായി വിജയൻ ഉൾപ്പടെയുള്ള ആദ്യ 3 പ്രതികളെ വെറുതെ വിട്ടിട്ടും തങ്ങളെ വിചാരണ ചെയ്യുന്നത് തെറ്റാണെന്ന് കാട്ടി കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒരു കേസ് പരിഗണിക്കുമ്പോഴുളള സ്വാഭ്വാവിക കോടതി നടപടി മാത്രമാണ് ഇത്.
ജസ്റ്റിസുമാരായ എൻ.വി.രമണ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്‌ലിൻ കേസ് പരിഗണിച്ചത്. മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ എന്നിവർക്ക് നോട്ടീസ് അയക്കാനാണു സുപ്രീം കോടതി തീരുമാനം. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.
പിണറായി വിജയനാണ് കേസിലെ മുഖ്യപ്രതിയെന്നും ഇദ്ദേഹമില്ലാതെ കേസിൽ വിചാരണ നടത്താൻ ആകില്ലെന്നും സിബിഐ അഭിഭാഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇക്കാര്യത്തിൽ കോടതി വ്യക്തമായ അഭിപ്രായമോ തീരുമാനങ്ങളോ സ്വീകരിച്ചില്ല.
വൈദ്യുതി മന്ത്രായായിരുന്ന പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.