ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് വീണ്ടും മാറ്റിവയ്‌ക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. ജനുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും. അതിനകം കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ സമർപ്പിക്കണം. കേസ് വീണ്ടും മാറ്റിവയ്‌ക്കണമെന്ന സിബിഐ ആവശ്യത്തിൽ സുപ്രീം കോടതിക്ക് അതൃപ്‌തി അറിയിച്ചു. തുടര്‍ച്ചയായി മാറ്റിവയ്‌ക്കാൻ ആവശ്യപ്പെടുന്നതിനെ കോടതി ചോദ്യം ചെയ്തു.

മറ്റ് കേസുകളിൽ വാദം നടക്കുന്നതിനാൽ ലാവലിൻ കേസ് മാറ്റിവയ്‌ക്കണമെന്നാണ് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയോട് ആവശ്യപ്പെട്ടത്. മറ്റ് കേസുകൾ എല്ലായിപ്പോഴും ഉണ്ടാകുമെന്നും അതിന്റെ പേരിൽ കേസ് മാറ്റിവയ്‌ക്കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് യു.യു.ലളിത് ചൂണ്ടിക്കാട്ടി. ജനുവരി ഏഴിന് അവസാന കേസായാണ് ലാവലിൻ ഇനി പരിഗണിക്കുക.

അവസാനമായി കേസ് പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് രണ്ടാഴ്‌ചത്തെ സമയം കോടതി നല്‍കിയിരുന്നു.

രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാൽ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഒക്‌ടോബർ എട്ടിനു സുപ്രീം കോടതി പറഞ്ഞിരുന്നു.

Read Also: ശിവശങ്കറിന്റെ രണ്ട് ഫോണുകൾകൂടി ലഭിച്ചു; സത്യം മറച്ചുവയ്ക്കുന്നുവെന്നതിന്റെ തെളിവെന്ന് കസ്റ്റംസ്

2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook