കൊച്ചി: ലാവ്‌ലിൻ കേസിൽ സിബിഐ ഉയർത്തിയ വാദങ്ങളെ എതിർത്ത് പിണറായി വിജയന്റെ അഭിഭാഷകൻ. ലാവ്‌ലിൻ കേസിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഉയർന്നത്. കാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുമെന്ന് കരാറിലില്ലെന്നും പിണറായിക്കുവേണ്ടി ഹാജരായ അഡ്വ.എം.കെ.ദാമോദരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

പദ്ധതിക്ക് കനേഡിയന്‍ കമ്പനി സിഡ വഴി ഫണ്ട് ലഭ്യമാക്കാന്‍ ആലോചിച്ചിരുന്നു. എന്നാൽ സർക്കാരുകളുടെ വീഴ്ച കാരണം ഫണ്ട് ലഭിക്കാതെ പോയെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം ഒൻപത് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിരുന്നു. ഇവയ്ക്കുള്ള മറുപടിയിലാണ് പിണറായിയുടെ അഭിഭാഷകന്‍ സിബിഐയുടോ ഓരോ വാദത്തെയും ഖണ്ഡിച്ചത്.

നേരത്തെ പിണറായിക്കെതിരൊയ കുറ്റങ്ങൾ സിബിഐ കോടതിയിൽ അക്കമിട്ട് നിരത്തിയിരുന്നു. എസ്എൻസി ലാവ്‌ലിൻ കരാറിനു പിണറായി അമിത താൽപര്യം കാണിച്ചു. മന്ത്രിസഭയിൽനിന്ന് യഥാർഥ വസ്തുത മറച്ചുവച്ചു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. ഇതു മറച്ചുവച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. മലബാർ കാൻസർ സെന്റർ പിണറായിയുടെ സ്വന്തം ആശയമായിരുന്നു. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. ലാവ്‌ലിൻ പ്രതിനിധികളുമായി പിണറായി ഗൂഢാലോചന നടത്തി. ലാവ്‌ലിൻ പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകി. പിണറായിക്കെതിരെ വിനോദ് റായ് അടക്കം 10 സാക്ഷികളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാൽവെ ഹാജരാകും. കേസ് വെളളിയാഴ്ച പരിഗണിക്കുന്പോൾ അഡ്വ.എം.കെ. ദാമോദരനു പകരമായിരിക്കും ഹരീഷ് സാൽവെ ഹാജരാവുക. കേസിൽ പിണറായി വിജയൻ അടക്കമുളളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയാണ് വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ