ന്യൂഡൽഹി: ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എൻ.വി.രമണ, അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഓഗസ്‌റ്റിലാണ്, മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തൽ നിലനിൽക്കുന്നവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്നാണ് ഹൈക്കോടതിയുടെ വിധി . ഏഴാം പ്രതിയായി പിണറായി വിജയനടക്കം 3 പേർ കേസിൽ നിരപരാധികളാണെന്നും ഇവർ വിചാരണ നേരിടേണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. 102 പേജുള്ള വിധിപ്രസ്താവനയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. ഉബൈദ് പ്രഖ്യാപിച്ചത്.
അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂർത്തിയായിരുന്നു. ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.
സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയിൽ ഹാജരായത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.