കോഴിക്കോട്: ലാവ്‌ലിൻ വിഷയം കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയാണെന്നും കോൺഗ്രസും ബിജെപിയുമാണ് ഇതിനു പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും തെളിയിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കോടിയേരി പറഞ്ഞു.

എസ്എന്‍സി ലാവ്‍ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലാവ്‍ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആയി മാറിയത് ലാവ്‍ലിൻ കമ്പനിയുടെ അഥിതി ആയി പിണറായി കാനഡയിൽ ഉള്ളപ്പോൾ ആയിരുന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവ്‍ലിൻ കരാറിലൂടെ എസ്‌എൻസി ലാവ്‍ലിൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായപ്പോള്‍ കെഎസ്ഇബിക്ക് ഭീമമായ നഷ്ടം ഉണ്ടായതായും സിബിഐ വ്യക്തമാക്കി.

ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, അന്നത്തെ ഊര്‍ജ്ജ മന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാവില്ല. ഈ വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി മൂവരേയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയതെന്നും സിബിഐ ചൂണ്ടിക്കാണിച്ചു.

2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറിയായ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സിബിഐയുടെ വാദം.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ