കൊച്ചി: എസ്.എൻ.സി ലാവ്‌ലിൻ കേസിൽ തന്നെ വിചാരണ നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേസിലെ പ്രതിയും മുൻ ചീഫ് എൻജിനീയറുമായ കസ്തൂരിരംഗ അയ്യർ സുപ്രീംകോടതിയെ സമീപിച്ചു. ഒരേകേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയിൽ കസ്തൂരിരംഗ അയ്യർ ആവശ്യപ്പെട്ടിരിക്കുന്നത്.

പിണറായി വിജയൻ അടക്കമുള്ളവരെ കേസിൽ നിന്നും ഹൈക്കോടതി ഒഴിവാക്കിയെന്നും തന്നെ ഒഴിവാക്കാതെ നിലനിർത്തിയത് വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കസ്തൂരിരംഗ അയ്യരുടെ ഹർജി. ഹർജി കോടതി പിന്നീട് പരിഗണിക്കും.

ആഗസ്‌റ്റിലാണ്,​ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾബെഞ്ച് ശരിവച്ചിരുന്നു,​ എന്നാൽ അയ്യരെ കൂടാതെ കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ കെ.ജി. രാജശേഖരൻ എന്നിവരെ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ