scorecardresearch
Latest News

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കേസ് മാറ്റിവച്ചത് 31 തവണ

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കേസ് മാറ്റിവച്ചത് 31 തവണ

ന്യൂഡല്‍ഹി:എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളില്‍ അഞ്ചാമത്തെ കേസായാണ് ലാവലിന്‍ ഹര്‍ജികളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് കോടതി പരിഗണനയ്ക്കെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. കഴിഞ്ഞയാഴ്ച ലാവലിന്‍ കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. 31 തവണയാണ് കേസ് മാറ്റിവെച്ചത്.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. 2017 ഓഗസ്റ്റ് 23നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, കെ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19നാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lavalin case in supreme court