കൊച്ചി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച പുനഃപരിശോധന ഹർജിയിലെ വാദം പൂർത്തിയായി. കേസിൽ അടുത്ത മാസം മേയ് 22 ന് ശേഷം ഹൈക്കോടതി വിധി പറയും. ലാവ്‌ലിൻ കേസിൽ സംസ്ഥാന ഖജനാവിന് 374 കോടിരൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐ കോടതി ഈ കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തി പിണറായി വിജയൻ ഉൾപ്പെട്ടവരെ വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയിൽ കേസ് വാദിക്കാൻ പിണറായി വിജയനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരായത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍, കനേഡിയന്‍ കന്പനിയായ എസ്.എന്‍.സി ലാവ്‌ലിന് നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ കേസ്. എന്നാല്‍, ഈ കേസില്‍ 2013 നവംബറില്‍ തിരുവനന്തപുരത്തെ സിബിഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കിയുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈകോടതിയെ സമീപിച്ചത്.

സിബിഐയുടെ കുറ്റപത്രം അസംബന്ധമാണെന്നും, നല്ല ഉദ്ദേശ്യത്തോടെയാണ് കനേഡിയൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയത് എന്നുമാണ് ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവ്‌ലിന്‍ കമ്പനിയുമായി ഏറെ കൂടിയാലോചനകൾക്കുശേഷം കരാർ ഉണ്ടാക്കിയത്. മലബാർ കാൻസർ സെന്ററിനു ധനസഹായം നൽകുന്ന കാര്യം കരാറിലില്ലെന്നും ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചിരുന്നു.

നേരത്തെ പിണറായിക്കെതിരൊയ കുറ്റങ്ങൾ സിബിഐ കോടതിയിൽ അക്കമിട്ട് നിരത്തിയിരുന്നു. എസ്എൻസി ലാവ്‌ലിൻ കരാറിനു പിണറായി അമിത താൽപര്യം കാണിച്ചു. മന്ത്രിസഭയിൽനിന്ന് യഥാർഥ വസ്തുത മറച്ചുവച്ചു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. ഇതു മറച്ചുവച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. മലബാർ കാൻസർ സെന്റർ പിണറായിയുടെ സ്വന്തം ആശയമായിരുന്നു. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. ലാവ്‌ലിൻ പ്രതിനിധികളുമായി പിണറായി ഗൂഢാലോചന നടത്തി. ലാവ്‌ലിൻ പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകി. പിണറായിക്കെതിരെ വിനോദ് റായ് അടക്കം 10 സാക്ഷികളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ