ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടയുളളവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സി ബി ഐ അപ്പീൽ നൽകി. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെയാണ് കേസിൽ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്. രണ്ട് മുതൽ നാല് വരെ പ്രതികൾ കുറ്റവിചാരണ നേരിടണമെന്നുമായിരുന്നു ഹൈക്കോടതി വിധി.

പ്രതിപ്പട്ടികയിലുളളവർക്കെല്ലാം കേസിൽ പങ്കുണ്ടെന്ന് സിബി ഐ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ പറയുന്നു ഉദ്യോഗസ്ഥർ മാത്രം വിചാരണ നേരിടണമെന്ന വിധി അംഗീകരിക്കാനാവില്ലെന്നും സി ബി ഐ. വ്യക്തമാക്കുന്നുണ്ടെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

സി ബി ഐയുടെ അപ്പീൽ നാളെ സുപ്രീം കോടതി പരിഗണിച്ചേയ്ക്കുമെന്ന് കരുതുന്നു.

ഓഗസ്റ്റ് 23 നാണ് ഹൈക്കോടതി പിണറായി വിജയൻ ഉൾപ്പടെയുളള മോഹനചന്ദ്രൻ, ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി വിധി വന്നത്.ഇതിൽ മോഹനചന്ദ്രൻ ഒന്നാം പ്രതിയും പിണറായി വിജയൻ ഏഴാം പ്രതിയും ഫ്രാൻസിസ് എട്ടാം പ്രതിയുമായിരുന്നു. ഈ കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികളായ വൈദ്യുത ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

Read More: ‘പിണറായി വിജയം’; ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തൻ; ‘നടന്നത് സിബിഐ വേട്ട’

ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമായിരുന്നു ഹൈക്കോടതിയിൽ സിബിഐയുടെ വാദം.എന്നാൽ പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  പിണറായിയെ ഉൾപ്പടെയുളളവരെ കുറ്റവിമുക്തമാക്കിയ കോടതി വിധിയിൽ പിണറായിയെ തിരഞ്ഞു പിടിച്ചാണ് സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നായിരുന്നു  ഹൈക്കോടതിയുടെ നിരീക്ഷണം.

Read More: ലാവ്ലിൻ കേസിന്രെ നാൾ വഴി 

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

നേരത്തെ കേസിൽ നിന്നും തന്നെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ