ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ കേസിൽ പിണറായി വിചാരണ നേരിടണമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ലാവ്‍ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്.
കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആയി മാറിയത് ലാവ്‍ലിൻ കമ്പനിയുടെ അഥിതി ആയി പിണറായി കാനഡയിൽ ഉള്ളപ്പോൾ ആയിരുന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവ്‍ലിൻ കരാറിലൂടെ എസ്‌എൻസി ലാവ്‍ലിൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായപ്പോള്‍ കെഎസ്ഇബിക്ക് ഭീമമായ നഷ്ടം ഉണ്ടായതായും സിബിഐ വ്യക്തമാക്കി.
ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, അന്നത്തെ ഊര്‍ജ്ജ മന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാവില്ല. ഈ വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി മൂവരേയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയതെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.
2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറിയായ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
എന്നാല്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി കൂടിയായ പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സിബിഐയുടെ വാദം.