കൊച്ചി: ലാത്വിയൻ യുവതിയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് സുഹൃത്ത് രംഗത്ത്. യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്ത് ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കാനാവില്ല. അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയില്ല. നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയാറെന്നും ആന്‍ഡ്രൂസ് പറഞ്ഞു.
‘കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. എല്ലാത്തിന്റേയും നിയന്ത്രണം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയുണ്ട്. സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു’, ആന്‍ഡ്രൂസ് കുറ്റപ്പെടുത്തി.
എന്നാൽ സുഹൃത്തിന്റെ ആരോപണം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ നിഷേധിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയപ്രേരിതമായ ലക്ഷ്യങ്ങളുണ്ടോയെന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചു. ആൻഡ്രൂസ് ഇപ്പോൾ ആരുടെ ഗ്യാങ്ങിലാണ് ചെന്ന് പെട്ടതെന്ന് അറിയില്ല. അദ്ദേഹത്തിന് അടക്കം ആർക്കും എന്തുംപറയാം എന്ന സ്വാതന്ത്ര്യമുളള നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു.