തിരുവനന്തപുരം: ലാത്‌വിയ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാൽസംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.
അന്വേഷണം വേഗത്തിൽ തന്നെയാണ് പുരോഗമിച്ചതെന്ന് വാർത്താസമ്മേളനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഇനിയും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താൻ പ്രതികൾ ശ്രമിച്ചു. മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു കൊലപാതകം. ആവശ്യമെങ്കിൽ ആന്തരികാവയങ്ങൾ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും ഡിജിപി പറഞ്ഞു.
അന്വേഷണ സംഘത്തെ ഡിജിപി പ്രശംസിച്ചു. സംഘത്തിലുളളവർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്.
വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. കൊല്ലുന്നതിന് മുൻപ് ബലാൽസംഗം ചെയ്തതായി പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഉമേഷാണ് കേസിലെ മുഖ്യപ്രതി. വിദേശ വനിതയെ കൊലപ്പെടുത്തിയ സ്ഥലത്ത് വച്ച് ഇതിനു മുൻപ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
മാർച്ച് 11 നാണ് വിദേശ വനിതയെ പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോർട്ടില്‍നിന്ന് കാണാതാവുന്നത്. അന്നേ ദിവസം ഓട്ടോറിക്ഷയിൽ കോവളത്തെ ഗ്രോവ് ബീച്ചിലെത്തി. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്ത് പോയി. അവിടെ വച്ചാണ് ഉമേഷും ഉദയനും ലാത്‌വിയൻ വനിതയെ കാണുന്നത്.
ബോട്ടിങ് നടത്താമെന്നും കഞ്ചാവ് നൽകാമെന്നും പറഞ്ഞാണ് ഇരുവരും അവരെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എത്തിച്ചത്. ഇവിടെ വച്ച് കഞ്ചാവ് നൽകിയശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു. മൃതദേഹത്തിൽനിന്നും കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ ലാത്‌വിയ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 14ന് ആണ് കോവളത്തുനിന്ന് ഇവരെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ അവർ സഹോദരിക്ക് ഒപ്പമാണ് കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.