scorecardresearch
Latest News

വിദേശ വനിതയുടെ കൊലപാതകം: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, വിധി നാളെ

2018 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്

kovalam rape case,court verdict,kovalam,

തിരുവനന്തപുരം: കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതിയാണ് ശിക്ഷവിധിക്കുന്നത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.

ഇന്ന് കോടതി പ്രതികളോട് വിവരങ്ങള്‍ തേടുകയാണ് ചെയ്തത്. ശേഷം പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും നിലപാട് തേടി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ പ്രായം കൂടി പരിഗണനയില്‍ എടുത്തെ ഉചിതമായ തീരുമാനത്തില്‍ എത്താവു എന്ന് പ്രതിഭാഗം അഭ്യര്‍ത്ഥിച്ചു.

നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. 2018 മാര്‍ച്ച് 14ന് പോത്തന്‍കോട്ടെ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ നാല്‍പതുകാരിയായ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ് കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്.

പൊലീസിന്റെ ആദ്യഘട്ട അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല. പിന്നീടാണ് കണ്ടല്‍ക്കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെടുത്തത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് തെളിഞ്ഞത്. പ്രദേശത്ത് ചൂണ്ടയിടാനെത്തിയ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്.

കേസിലെ മുഖ്യപ്രതിയായ ഉമേഷ് നിരവധി കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന് മറ്റ് അക്രമകേസുകള്‍ എന്നിവയാണ് ഉമേഷിനെതിരെയുള്ളത്. ലൈംഗീക അതിക്രമത്തില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായും വിവരമുണ്ട്. പിന്നീടാണ് ഉമേഷിലേക്കും ഉദയകുമാറിലേക്കും അന്വേഷണമെത്തിയത്.

കേസില്‍ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പ്രതികരിച്ചിരുന്നു. നല്ല മനസ്സുള്ള ധാരാളം പേര്‍ ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Latvian tourist murder case verdict today updates dec 05