തിരുവനന്തപുരം: കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച് തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികള്‍ 1.65 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. തുക കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാത്സംഗം, കൂട്ടബലാത്സംഗം, ബലാത്സംഗം ചെയ്തതിന് ശേഷമുള്ള കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്.
വിധി വളരെയധികം സ്വാഗതാര്‍ഹവും സന്തോഷം നല്‍കുന്നതുമാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രതികരിച്ചു. “അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ വിഭാഗത്തില്‍പ്പെട്ടതാണ് ഈ സംഭവം. പ്രതികളുടെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. സാധരണഗതിയില്‍ വധശിക്ഷ നല്‍കാവുന്ന കുറ്റകൃത്യമാണിത്,” അദ്ദേഹം വ്യക്തമാക്കി.
“വളരെ മാതൃകാപരമായ വിധിയാണ്. ഇത്തരം പ്രവണതകള്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് കൂടിയാണിത്. യുവതിയുടെ സഹോദരി വിധിപ്രസ്താവത്തിന്റെ തുടക്കം മുതല്‍ ഓണ്‍ലൈനിൽ ഉണ്ടായിരുന്നു. അവരുടെ പ്രതികരണം ലഭിച്ചിട്ടില്ല. അവരും തൃപ്തയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് പേരും ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം,” അഭിഭാഷകന്‍ വ്യക്തമാക്കി.
2018 മാര്‍ച്ച് 14ന് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ നാല്‍പതുകാരിയായ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
പൊലീസിന്റെ ആദ്യഘട്ട അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല. പിന്നീടാണ് ഒരു മാസത്തിന് ശേഷം കണ്ടല്‍ക്കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെടുത്തത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് തെളിഞ്ഞത്. പ്രദേശത്ത് ചൂണ്ടയിടാനെത്തിയ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്.
കേസിലെ മുഖ്യപ്രതിയായ ഉമേഷ് നിരവധി കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന്, മറ്റ് അക്രമകേസുകള്‍ എന്നിവയാണ് ഉമേഷിനെതിരെയുള്ളത്. ലൈംഗിക അതിക്രമത്തില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായും വിവരമുണ്ട്. പിന്നീടാണ് ഉമേഷിലേക്കും ഉദയകുമാറിലേക്കും അന്വേഷണമെത്തിയത്.