തിരുവനന്തപുരം: ലാത്‌വിയ സ്വദേശി ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാൾ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാൾ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചയുടൻ അറസ്റ്റ് ഉണ്ടായേക്കും.
കസ്റ്റഡിയിലുളള മൂന്നു യുവാക്കളടക്കം 5 പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇതില്‍ ഒരാളുടെ ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനഭംഗം ശ്രമം ചെറുത്ത ലിഗയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അതേസമയം, ലിഗയുടേത് കൊലപാതകമാണെന്ന് വ്യക്തമായിട്ടും പൊലീസിന് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല. കസ്റ്റഡിയിൽ ഉളളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്നതിനുളള തെളിവുകളുടെ അഭാവമാണ് ഇതിന് കാരണം. അതിനാൽതന്നെ കസ്റ്റഡിയിലുളള മൂന്നു മുഖ്യപ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.
മൃതദേഹം കണ്ട കാട്ടില്‍ നിന്നും വിരലടയാളങ്ങളും മുടിയിഴകളും ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പനത്തുറ വടക്കേക്കുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർ അടിപിടി, കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളാണ്. തീവ്രനിലപാടുള്ള ഒരു ദലിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.