തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച ലിഗ കണ്ടൽക്കാട്ടിലെത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്നു കരുതുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിഗയുടെ മരണത്തിൽ പ്രാദേശിക ലഹരിസംഘങ്ങൾക്ക് പങ്കുണ്ടെന്നാണ് സൂചന.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്ന് പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ ഈ സംഘത്തിലെ പലരും ഒളിവില്‍ പോയെന്നും കടത്തുകാരൻ രംഗനാഥൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. ലിഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർമാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പീഡന ശ്രമത്തിനിടെ ലിഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ ലാത്‌വിയ സ്വദേശി ലിഗ(33)യുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ