തിരുവനന്തപുരം: ലാറ്റ്വിയൻ സ്വദേശി ലിഗയെ കൊലപ്പെടുത്തിയത് കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി ഉൾപ്പെടെ അഞ്ച് പേരാണെന്ന് പൊലീസ് കരുതുന്നു. വാഴമുട്ടത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവർ. ഇവരുൾപ്പെടെ പത്ത് പേർ കസ്റ്റഡിയിലുണ്ട്.

ലിഗയുടെ മൃതദേഹം കണ്ട വാഴമുറ്റത്ത് നിന്നും മുടിയിഴകള്‍ കിട്ടിയിരുന്നു. ഇവ ലിഗയുടേത് അല്ലെന്നാണ് സൂചന. മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വാഴമുട്ടത്തെ രണ്ടു ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തിയിരുന്നു. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്നു കരുതുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബീച്ചിൽ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി പൂനംതുരുത്തിലേക്ക് വള്ളത്തിൽ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകൻ ലിഗയ്ക്ക് കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയതായും വിവരമുണ്ട്.

ഗൈഡ് അറിയിച്ചതനുസരിച്ച് ലഹരി വിൽപ്പന സംഘം മറ്റൊരു വള്ളത്തിൽ എത്തിയെന്നാണ് നിഗമനം. ഇവർ മുൻപ് നിരവധി തവണ വള്ളത്തിൽ കണ്ടൽക്കാട് പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നും കടത്തുകാരൻ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം കാണുന്നതിന് തലേന്നും ഇവർ വന്നിരുന്നു. മൃതദേഹം കണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തിയപ്പോഴും ഇവർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിറ്റേന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.

അതിനിടെ, ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലേ കൊലപാതകത്തിന്റെ ചുരുൾ അഴിയൂ. 40അംഗ സംഘം രാപ്പകൽ അന്വേഷിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ