തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാറ്റ്വിയന് വനിത ലിഗയുടെ പോസ്റ്റ്മോര്ട്ടത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴുത്ത് ഞെരക്കുമ്പാഴാണ് തരുണാസ്ഥികള്‍ പൊട്ടുന്നതെന്നാണ് വിവരം.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവിൽ ലഹരി വസ്തുക്കൾ ലിഗയുടെ ശരീരത്തിലെത്തിയിരുന്നുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. എന്നാൽ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ല. രാസപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ശരീരത്തിലെത്തിയ വസ്തുവെന്താണെന്നതിൽ വ്യക്തത ലഭിക്കൂ.
ഇരുകാലുകൾക്കും ഒരേ രീതിയിൽ മുറിവേറ്റിട്ടുമുണ്ട്. എന്നാൽ ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥീരീകരിക്കാനായിട്ടില്ല. അന്തിമ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ പൊലീസിന് കൈമാറുമെന്നാണ് സൂചന.
ലിഗയുടെ മൃതദേഹം കണ്ട വാഴമുറ്റത്ത് നിന്നും മുടിയിഴകള്‍ കിട്ടിയിരുന്നു. ഇവ ലിഗയുടേത് അല്ലെന്നാണ് സൂചന. മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വാഴമുട്ടത്തെ രണ്ടു ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തിയിരുന്നു. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്നു കരുതുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബീച്ചിൽ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി പൂനംതുരുത്തിലേക്ക് വള്ളത്തിൽ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകൻ ലിഗയ്ക്ക് കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയതായും വിവരമുണ്ട്.
ഗൈഡ് അറിയിച്ചതനുസരിച്ച് ലഹരി വിൽപ്പന സംഘം മറ്റൊരു വള്ളത്തിൽ എത്തിയെന്നാണ് നിഗമനം. ഇവർ മുൻപ് നിരവധി തവണ വള്ളത്തിൽ കണ്ടൽക്കാട് പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നും കടത്തുകാരൻ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം കാണുന്നതിന് തലേന്നും ഇവർ വന്നിരുന്നു. മൃതദേഹം കണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തിയപ്പോഴും ഇവർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിറ്റേന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.
അതിനിടെ, ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലേ കൊലപാതകത്തിന്റെ ചുരുൾ അഴിയൂ. 40അംഗ സംഘം രാപ്പകൽ അന്വേഷിക്കുകയാണ്.