scorecardresearch
Latest News

ലിഗയുടെ കൊലപാതകം: ശാസ്ത്രീയ പരിശോധന ഫലം വൈകുന്നു, അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്

ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായത്

ലിഗയുടെ കൊലപാതകം: ശാസ്ത്രീയ പരിശോധന ഫലം വൈകുന്നു, അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന ഫലം വേണം. ഇതു കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താനുളള താമസമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സംഭവസ്ഥലത്തുനിന്നു ലഭിച്ച മുടിയുടെ ഉൾപ്പെടെ ഫൊറൻസിക് പരിശോധന ഫലങ്ങൾ രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനുവേണ്ടിയാണ് പൊലീസ് കാത്തിരിക്കുന്നത്. പരിശോധന ഫലം ലഭിച്ചയുടൻ അറസ്റ്റ് ഉണ്ടായേക്കും.

ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ യോഗ പരിശീലകനെന്ന വ്യാജേന ലഹരിക്കച്ചവടത്തിൽ പ്രവർത്തിക്കുന്നയാളെ ഇന്നലെ വിട്ടയച്ചിരുന്നു. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാർ ഉൾപ്പെടെ നാലുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുളളത്. കോവളത്തു ലഹരി വിൽപന നടത്തുന്നവർ ഉൾപ്പെടെ മൂന്നുപേർ ചേർന്നാണ് ലിഗയെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായത്. കോവളം ബീച്ചിലെത്തിയ ലിഗയെ അനധികൃത യോഗ പരിശീലകനും സുഹൃത്തുക്കളും ചേർന്ന് ഫൈബർ ബോട്ടിലോ കടത്തുവളളത്തിലോ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അവിടെ വച്ച് ലിഗയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവർ എതിർക്കുകയും രോഷാകുലരായ സംഘം ലിഗയെ തളളിയിട്ടശേഷം കഴുത്തിൽ ചവിട്ടിയപ്പോൾ മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ ലാത്‌വിയ സ്വദേശി ലിഗ(33)യുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Latvian tourist liga skromane death delay accused arrest