തിരുവനന്തപുരം: ലാത്‌വിയ സ്വദേശി ലിഗയെ കൊന്നത് ബലാൽസംഗത്തിനുശേഷമെന്ന് പൊലീസ് കണ്ടെത്തിയതായി വിവരം. ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്.
കസ്റ്റഡിയിൽ ഉമേഷ്, ഉദയൻ എന്നീ രണ്ടുപേരാണുളളത്. ഇതിൽ ഉമഷാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ലിഗയെ കൊലപ്പെടുത്തിയ സ്ഥലത്ത് വച്ച് ഇതിനു മുൻപ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
സാഹചര്യത്തെളിവുകൾ, പ്രതികളുടെ മൊഴികൾ, ഫൊറന്‍സിക് ഫലം, രാസപരിശോധന ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിഗ ബലാൽസംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയത്. പീഡന വിവരം പൊലീസിനെ അറിയിക്കുമെന്ന് ലിഗ പറഞ്ഞപ്പോൾ വായ് പൊത്തിപ്പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
മാർച്ച് 11 നാണ് ലിഗയെ പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോർട്ടില്‍നിന്ന് ലിഗയെ കാണാതാവുന്നത്. അന്നേ ദിവസം ഓട്ടോറിക്ഷയിൽ ലിഗ കോവളത്തെ ഗ്രോവ് ബീച്ചിലെത്തി. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്ത് പോയി. അവിടെ വച്ചാണ് ഉമേഷും ഉദയനും ലിഗയെ കാണുന്നത്.
ബോട്ടിങ് നടത്താമെന്നും കഞ്ചാവ് നൽകാമെന്നും പറഞ്ഞാണ് ഇരുവരും ലിഗയെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എത്തിച്ചത്. ഇവിടെ വച്ച് കഞ്ചാവ് നൽകിയശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു. ലിഗയുടെ മൃതദേഹത്തിൽനിന്നും കണ്ടെത്തിയ ജാക്കറ്റ് ഉദയന്രേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.