വിഴിഞ്ഞം: വിഴിഞ്ഞം അക്രമ സംഭവങ്ങളിൽ പൊലീസിനെ പഴിചാരി ലത്തീൻ രൂപത. പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന വാദമാണ് സഭ ഉന്നയിച്ചത്. രണ്ടു ദിവസം വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വികാരി ജനറൽ യൂജിൻ പെരേര ആവശ്യപ്പെട്ടു. ആസൂത്രിത തിരക്കഥ അനുസരിച്ചുള്ള സംഭവങ്ങളാണ് വിഴിഞ്ഞത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം പൊളിക്കാൻ സർക്കാർ നടത്തിയ നീക്കമാണ് കണ്ടത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സമാധാനമായി സമരം ചെയ്തവർക്കുനേരെ പൊലീസ് മനഃപൂർവം പ്രകോപനമുണ്ടാക്കി. പൊലീസ് ഇന്നലെ പിടികൂടിയ സെൽറ്റന് സംഘർഷവുമായി ബന്ധമില്ല. സമരത്തിനെതിരായ ഇടത്-ബിജെപി കൂട്ടുകെട്ടിൽ ബലമായ സംശയമുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരത്തിൽ സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. സൗജന്യമായി മണ്ണെണ്ണ വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ ആറാമത്തെ ആവശ്യം. മണ്ണെണ്ണ കേരള സർക്കാരിന്റെ ഉൽപ്പന്നമല്ല, കേന്ദ്ര സർക്കാർ നൽകിയാൽ മാത്രമേ കൊടുക്കാൻ കഴിയൂ. തുറമുഖ പദ്ധതി നിർത്തവയ്ക്കണമെന്നതാണ് ഏഴാമത്തെ ആവശ്യം. കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്നതും കോടാനുകോടികൾ ചെലവഴിക്കുകയും ചെയ്തശേഷം പദ്ധതി നിർത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതൊഴികെയുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ചർച്ച ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ഇന്നും തയ്യാറാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള മതസ്പർധയും അനുവദിക്കാനാകില്ല. പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. സഭ ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരായിരുന്നുവെങ്കിൽ കോടതി നിർദേശം അംഗീകരിക്കണമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിൽ വിഴിഞ്ഞത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്. സമീപ ജില്ലകളിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും ചുമതലയുണ്ട്. വിഴിഞ്ഞം അക്രമ സംഭവങ്ങളിൽ കണ്ടാലറിയുന്ന മൂവായിരം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എഫ്ഐആർ. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു. പൊലീസുകാരെ കൊല്ലാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. പ്രതികളെ വിട്ടില്ലെങ്കിൽ പൊലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമരക്കാർ പൊലീസിനെ ബന്ദിയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.