തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഫിഷറീഷ് മന്ത്രി വി. അബ്ദുറഹ്മാനാണ് ചര്‍ച്ചയുടെ വിവരം ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയെ അറിയിച്ചത്. സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണം ഉണ്ടാക്കുന്നുവെന്നും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ സമരം ചെയ്യുന്നത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമരത്തിനെതിരെ ബിജെപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെി. സമരത്തിന് പിന്നില്‍ ആരാണെന്ന് കാത്തിരുന്ന് കാണണം. കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.