കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്നിട്ടുളള ആരോപണങ്ങൾ അദ്ദേഹത്തിനെതിരെയുളള വ്യക്തിപരമായ ആരോപണങ്ങളാണെന്നും അവ കത്തോലിക്ക സഭയ്ക്കെതിരായുളളതല്ലെന്ന് ലാറ്റിൻ കത്തോലിക്ക കൗൺസിൽ. വ്യക്തിപരമായി തനിക്കെതിരെ ഉയർന്നിട്ടുളള ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായവയാണെന്നായിരുന്നു ബിഷപ്പിന്റെ നിലപാട്. ഈ നിലപാടിനെ തളളി പറഞ്ഞുകൊണ്ടാണ് ലത്തീൻ കത്തോലിക്ക കൗൺസിലിന്റെ കേരളാ റീജിയൻ പ്രസ്താവന ഇറക്കിയത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ​ രണ്ടര മാസമായിട്ടും പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിൽ കന്യാസ്ത്രീകൾ സമരം നടത്തുകയാണ്. ഈ സമരത്തിനെതിരെ രംഗത്തെത്തിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തളളിയാണ് ലത്തീൻ കത്തോലിക്ക കൗൺസിൽ രംഗത്തെത്തിയത്. സമരത്തിനെതിരെ പരസ്യ പ്രസ്താവനയുമായി മിഷനറീസ് ഓഫ് ജീസസ് ആദ്യവും പിന്നാലെ ജലന്ധർ ബിഷപ്പ് നേരിട്ടും രംഗത്തു വന്നിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങൾ സഭയെ ലക്ഷ്യം വച്ചുളളതാണെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം. എന്നാൽ ആ ആരോപണത്തിനെ തളളിപ്പറയുകയാണ് ലാറ്റിൻ കത്തോലിക്ക കൗൺസിൽ.

വ്യക്തിപരമായി തനിക്കെതിരെ ഉയർന്നിട്ടുളള ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായിട്ടുളളതാണെന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം ശരിയല്ലെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു. സഭാ പിതാവെന്ന നിലയിൽ അദ്ദേഹം ഉയർത്തിപ്പിടിക്കേണ്ട ധാർമ്മിക ബോധവും നീതി ബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതാകട്ടെ തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ തന്നെയാണ്. അത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, സഭയുടെ ഉന്നതസ്ഥാനീയർ പുലർത്തേണ്ട ധാർമ്മിക നടപടികളാണ് വിശ്വാസികൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല, അത് കത്തോലിക്കസഭയുടെ പഠനങ്ങൾക്കും ദർശനങ്ങൾക്കും വിരുദ്ധമാണ്. രാജിവയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോയുടെ പ്രസ്താവന വളരെ നേരത്തെ നടപ്പാക്കേണ്ടിയിരുന്ന കാര്യമാണ്, കൗൺസിൽ വൈസ് പ്രസിഡന്റ് പറഞ്ഞു.

സഭാവിശ്വാസികൾക്ക് അപമാനവും ഇടർച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പൾ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ സഭയെ എതിർക്കുന്ന കക്ഷികളുടെ ഗൂഢാലോചനയുമുണ്ടാകാം. എന്നാൽ അതൊന്നും സംഭവിക്കാതിരിക്കാൻ ആരോപണം ഉയർന്നപ്പോൾ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നുവെങ്കിൽ ബിഷപ്പ് ഫ്രാങ്കോ പൊതുസമൂഹത്തിൽ ഏറെ അംഗീകരിക്കപ്പെടുമായിരുന്നുവെന്ന് ഷാജി ജോർജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.