scorecardresearch

വിഴിഞ്ഞത്തെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്രസേന ആവശ്യമില്ലെന്ന് തുറമുഖമന്ത്രി

സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണമെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു

വിഴിഞ്ഞത്തെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്രസേന ആവശ്യമില്ലെന്ന് തുറമുഖമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പരിസരത്ത് ക്രമസമാധന പരിപാലനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. “ക്രമസമാധാനം പരിപാലിക്കുന്നതിന് കേരള പൊലീസുണ്ട്. കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല, തുറമുഖ നിര്‍മ്മാണ കമ്പനിയാണ്. സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത് പദ്ധതി പ്രദേശത്തിന് അകത്താണ്,” മന്ത്രി വ്യക്തമാക്കി.

‘ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ വിഴിഞ്ഞത്ത് സമരം തുടരും’; ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത. സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ വിശദീകരിച്ച് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സര്‍ക്കുലര്‍ ഇന്ന് വായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

“പ്രകോപനപരമായ സാഹചര്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണ്. സർക്കാർ നിസംഗത തുടരുകയാണ്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു,” സര്‍ക്കുലര്‍ വിമര്‍ശിക്കുന്നു.

“സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണം. തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നത്,” സര്‍ക്കുലറില്‍ പറയുന്നു.

വിഴിഞ്ഞം സമരത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ചിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലത്തീൻ അതിരൂപതാ നേതൃത്വം ചീഫ് സെക്രട്ടറി വി പിജോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.

വരും ദിവസങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചനകള്‍. സംഘര്‍ഷവും പൊലീസ് സ്റ്റേഷൻ ആക്രമണവും നടന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലേക്ക് പൊലീസ് കടന്നിട്ടില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Latin catholic circular on vizhinjam protest