തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. കര്‍ഷക സമരം കേരളത്തെയും ബാധിക്കും. നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സ്ഥിരം സഹായ പദ്ധതി സംസ്ഥാനം ഒരുക്കും. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയിക പദ്ധതി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാവിലെ ഒൻപതുമണിയോടെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണറെ സ്വീരിച്ചത്.
കേന്ദ്ര ഏജൻസികൾക്കെതിരേയും ഗവർണർ വിമർശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമമുണ്ടായി. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ പറഞ്ഞു.
ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കോവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്ന് ഗവർണർ പറഞ്ഞു. പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തെ ഗവർണർ വിമർശിച്ചു.
“ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. കോവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കോവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.”