ഉടുമ്പന്‍ചോല: ആദിമ മനുഷ്യര്‍ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന കുത്തുകല്ല് (മെന്‍ഹിര്‍) ഉടുമ്പന്‍ചോലയിലെ പോത്തമല മലനിരകളില്‍ കണ്ടെത്തി. മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പും ഇടുക്കി ജില്ലയില്‍ ജനവാസം ഉണ്ടായിരുന്നുവെന്നതിനു ശക്തമായ തെളിവാണിത്. കേരളത്തില്‍ തന്നെ ആദ്യമായാണ് 20 അടിയോളം ഉയരം വരുന്ന കുത്തുകല്ല് കണ്ടെത്തുന്നത്.
നെടുങ്കണ്ടം എംഇഎസ് കോളേജ് ബിഎഡ് സെന്റര്‍ ഇന്‍ചാര്‍ജും ഗവേഷകനുമായ രാജീവ് പുലിയൂരും സംഘവുമാണ് അവിചാരിതമായി പോത്തമലയില്‍ കുത്തുകല്ലുകള്‍ കണ്ടെത്തിയത്. മലകള്‍ക്കു മുകളില്‍ വ്യത്യസ്തമായ രീതിയില്‍ പാകിയ നിലയിലായിരുന്നു ഇവ. ഉടുമ്പന്‍ചോല മുതല്‍ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വരെ വ്യാപിച്ചുകിടക്കുന്ന തരത്തില്‍ കണ്ടെത്തിയ കുത്തുകല്ലുകള്‍ പുരാതനകാലത്തും ഇരുസ്ഥലങ്ങളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും ജനവാസമുണ്ടായിരുന്നുവെന്നും സൂചന നല്‍കുന്നതാണെന്നു രാജീവ് പുലിയൂര്‍ പറയുന്നു.
നാലു കുത്തുകല്ലുകളും ആയിരത്തോളം മുനിയറകളുമാണ് നാലുമലകളിലായി പാകിയ നിലയില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് രാജീവ് പറയുന്നു. മലകളുടെ മുകളില്‍ പാകിയിട്ടുള്ള കല്ലുകള്‍ക്കുള്ളില്‍ തട്ടിനോക്കുമ്പോള്‍ മുഴക്കം കേള്‍ക്കുന്നത് ഇവയ്ക്കുള്ളില്‍ കലശകുടങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ഇവ പെട്ടിക്കല്ലറകളാണെന്നും അനുമാനിക്കേണ്ടിവരും. നേരത്തെ മറയൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മുനിയറകള്‍ കണ്ടെത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും വലിയ കുത്തുകല്ലു കണ്ടെത്തുന്നതെന്നും ഗവേഷകനായ രാജീവ് വ്യക്തമാക്കുന്നു.
ഞങ്ങള്‍ അവിചാരിതമായി പോത്തമലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇവ കുത്തുകല്ലുകളാണെന്നും വ്യത്യസ്ത രീതിയില്‍ മലകള്‍ക്കു മുകളില്‍ പാകിയിരിക്കുകയാണെന്നും കണ്ടെത്തിയത്. പുറത്തു നിന്നു നോക്കിയാല്‍ മലകള്‍ക്കു മുകളിലുള്ള കല്ലുകള്‍ പോലെയാണ് ഇവ കാണപ്പെടുക. ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഈ മലകളിലെ കുത്തുകല്ലുകള്‍ സംരക്ഷിക്കാനും കൂടുതല്‍ ഗവേഷണം നടത്താനും പുരാവസ്തു വകുപ്പ് ഉള്‍പ്പടെയുള്ളവര്‍ തയാറാകേണ്ടതുണ്ട്. നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ് ഈ പ്രദേശം, രാജീവ് പറയുന്നു.
പോത്തമലയില്‍ കണ്ടെത്തിയ കുത്തുകല്ലുകളെപ്പറ്റി ഡോക്യുമെന്റേഷന്‍ നടത്തുകയാണ് രാജീവും സംഘവും. നെടുങ്കണ്ടം ബിഎഡ് കോളേജിലെ ലക്ചററും കേരള യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സ്‌കോളറുമായ എം.ഹരികൃഷ്ണന്‍, നെടുങ്കണ്ടം ബിഎഡ് കോളേജിലെ ലക്ചററായ ജോമോന്‍ ജോസ് എന്നിവരാണ് രാജീവ് പുലിയൂരിനൊപ്പം ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.