തൊടുപുഴ: ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കാത്തിരിക്കുന്ന മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തത്തിന് ഇനി ഏതാനും മാസങ്ങളുടെ കാത്തിരിപ്പു മാത്രം. ലക്ഷക്കണക്കിനു സഞ്ചാരികളെത്തുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ക്കണ്ട് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള പ്രവേശന സമയം ദീര്‍ഘിപ്പിക്കുകയും അമ്പതു ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതും ഉള്‍പ്പടെയുള്ള വമ്പന്‍ ക്രമീകരണങ്ങളാണ് നീലക്കുറിഞ്ഞി വസന്തത്തോടനുന്ധിച്ചുണ്ടാവുക. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും നീലവസന്തം തീര്‍ക്കും. ഈ സീസണില്‍ ഏകദേശം എട്ടു ലക്ഷത്തോളം വിനോദസഞ്ചാരികള്‍ മൂന്നാറിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി വസന്തത്തോടനുബന്ധിച്ച് മൂന്നാറില്‍ പലസ്ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൗണില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുളള ഇരവികുളം ദേശീയോദ്യാനത്തിലാണ് പ്രധാനമായും നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുക. വരയാടുകളുടെ സംരക്ഷണ കേന്ദ്രം കൂടിയായ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നീലക്കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും ഇതോടൊപ്പം ദേശീയോദ്യാനം സംരക്ഷിക്കാനും ഉതകുന്ന തരത്തിലായിരിക്കും പദ്ധതികള്‍ ആവിഷ്‌കരിക്കുക.

മൂന്നാറില്‍ ഒരേസമയം എത്രത്തോളം സഞ്ചാരികളെ ഉള്‍ക്കൊളളാന്‍ കഴിയുമെന്നതിനെക്കുറിച്ചു പഠനം നടത്തണമെന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മതിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം. വാഹനപ്പെരുപ്പം നിയന്ത്രിച്ച് മതിയായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണം. പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ നിരോധിക്കണം. മാലിന്യനിര്‍മാര്‍ജനത്തിന് മതിയായ സംവിധാനമൊരുക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയെടുക്കണം. നീലക്കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാറും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിനു മതിയായ ശുചീകരണ ജോലിക്കാരെ നിയോഗിക്കണം. മതിയായ ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. അടിയന്തര ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയാക്കണം.

Read More:  “കുറിഞ്ഞിക്കാല”മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ?

നീലക്കുറിഞ്ഞി സീസണില്‍ എത്രത്തോളം വാഹനങ്ങള്‍ വരുമെന്നതിനെക്കുറിച്ച് പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. വഴിയോര കച്ചവടം ക്രമാതീതമായി വര്‍ധിക്കുമെന്നതിനാല്‍ നിയന്ത്രണം വേണമോയെന്നു പരിശോധിക്കണം. വാഹനങ്ങളില്‍ മദ്യം കൊണ്ടുപോകുന്നത് തടയുകയും ഇതിനായി വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്യണം.

ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കു സഞ്ചാരികളെ കൊണ്ടുപോകാന്‍ കൂടുതല്‍ ബസ് ബസ് സൗകര്യം ഏര്‍പ്പെടുത്തും. 50 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കും. പാര്‍ക്കില്‍ പ്രവേശിക്കാനുള്ള സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. അതേസമയം ഒരു സന്ദര്‍ശകന് പാര്‍ക്കില്‍ ചെലവഴിക്കാവുന്ന സമയത്തിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകും. എന്നാൽ എത്രസമയം അനുവദിക്കാമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. രാവിലെ 8.30 മുതൽ വൈകുന്നേരം നാലര വരെയാണ് ദേശീയോദ്യാനത്തിലെ സന്ദർശനസമയം.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിക്കും. നീലക്കുറിഞ്ഞി സീസണ്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിന് പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ വനം മന്ത്രി അഡ്വ. കെ. രാജു, തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമലവര്‍ധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ