പാലക്കാട്: പാലക്കാട്, കഞ്ചിക്കോട് സെക്ഷനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ട്രെയിനുകൾ മൂന്നു മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. സേലം, കോയമ്പത്തൂർ, ഈറോഡ് വഴിയുള്ള ട്രെയിനുകളാണ് വൈകുന്നത്. ബെംഗളുരൂ, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്ക് പാലക്കാട് വഴിയുളള​ ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്.

ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൗറ എന്നീ ഭാഗങ്ങളിലേയ്ക്കുള്ളതും തിരികെയുളളതുമായ ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്. പാലക്കാട് നിന്നും കോയമ്പത്തൂരിലേയ്ക്കുളള​ ട്രങ്ക് റൂട്ടിൽ കഞ്ചിക്കോടാണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. നൂറോളം ട്രെയിൻ സർവീസുകളെ ഇത് ബാധിക്കുമെന്നാണ് അനുമാനിക്കുന്നത്. ട്രാക്കിന്റെ അടിയിൽ മണ്ണൊലിപ്പ് ഉണ്ടായതിനാൽ ഇവ പൂർവ്വസ്ഥിതിയിലാക്കി പരീക്ഷണ ഓട്ടത്തിന് ശേഷമേ സർവീസുകൾ പഴയ രീതിയിൽ പുനരാരംഭിക്കാൻ സാധിക്കുകയുളളൂ.

ബി ലൈനിൽ മഴയും മണ്ണിടിച്ചിലും മൂലം സർവീസ് തടസ്സപ്പെട്ടെങ്കിലും എ ലൈൻ വഴിയുളള സർവീസുകൾ നടക്കുന്നുണ്ടെന്ന് റെയിൽവേ അറിയിച്ചു.

പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് നിറഞ്ഞൊഴുകുകയാണ്. ഇതോടെ റെയിൽവേ സ്റ്റേഷനിലേയ്ക്കുളള വഴിയും തടസപ്പെട്ടു.

ഇന്നലെ രാത്രി മുതൽ പാലക്കാട് മഴ തോരാതെ പെയ്യുകയാണ്. പുതുപരിയാരം ഭാഗത്ത് കെട്ടിടങ്ങളുടെ ഉള്ളിൽ വെള്ളം കയറിയ സ്ഥലങ്ങളുമുണ്ട്. പാലക്കാട് നഗരവും വെളളത്തിൽ മുങ്ങി. നഗരത്തിലെ ആണ്ടിമഠത്തിൽ 20 ലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൽപാത്തിയിലും വീടുകൾക്കുളളിൽ വെളളം കയറി.

മലമ്പുഴ ‍ഡാമിൽ വെളളം നിറഞ്ഞതിനെ തുടർന്ന് ഷട്ടർ നാലടി ഉയർത്തി. ഇതോടെ കൽപ്പാത്തി പുഴയിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ ഷട്ടർ തുറന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.