തൊടുപുഴ: നിര്‍മാണം നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാറിനു സമീപം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ദേവികുളം-ലാക്കാട് ഗ്യാപ്പ് റോഡില്‍ ഞായറാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. വന്‍തോതില്‍ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീണതോടെ ദേവികുളം-മൂന്നാര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി.
മലയിടിച്ചിലിനെത്തുടര്‍ന്ന് ഗ്യാപ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി മലയിടിച്ചുള്ള റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റോഡിലേക്ക് വന്‍തോതില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണത്. ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
റോഡിലേക്കു വീണ കല്ലും മണ്ണും നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും ഇതിനു 15 ദിവസമെങ്കിലും വേണ്ടി വരുമെന്നും സബ് കളക്ടര്‍ അറിയിച്ചു. മണ്ണും കല്ലും നീക്കുന്ന ജോലികള്‍ തീരുന്നതുവരെ ദേവികുളം-ഗ്യാപ് റോഡില്‍ ഗതാഗതം തടസപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഒരു കാട്ടുപോത്തും അകപ്പെട്ടിട്ടുണ്ട്. ഇതിന്റെ കാലൊടിഞ്ഞെന്നും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍, റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണ് ദേവികുളം-ഗ്യാപ് റോഡില്‍ ഒരാഴ്ചയിലധികം ഗതാഗതം തടസപ്പെട്ടിരുന്നു. അതേസമയം ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ക്കു കാരണമാകുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊച്ചി -ധനുഷ്കോടി ദേശീയപാതയുടെ മൂന്നാര്‍ -മുതല്‍ ബോഡിമെട്ടു വരെയുള്ള ഭാഗമാണ് വീതികൂട്ടുന്നത്. 268.2 കോടി ചെലവിട്ട് 12 മീറ്റര്‍ വീതിയിലാണ് റോഡു നിര്‍മിക്കുന്നത്.