കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.

ശബരിമല വനമേഖലയോട് അടുത്ത കിടക്കുന്ന പ്രദേശമാണിത്. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേക്ക് ദുരന്ത നിവാരണ സേനയുടെ ഒരു സംഘം പോയിട്ടുള്ളതായാണ് വിവരം. പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകളില്‍ വെള്ളം കയറി.

ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ മഴവെള്ളപാച്ചിലില്‍ ബൈക്കുകള്‍ ഒലിച്ചു പോയി. പ്രദേശത്തെ റോഡുകളും ഇടിഞ്ഞ് പോയിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് എത്തിയ ഓട്ടോറിക്ഷ ഒലിച്ചു പോയതായി വാര്‍ഡ് മെമ്പര്‍ മാത്യു ജോസഫ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയുടെ മലയോര മേഖലകളില്‍ കാറ്റും മഴയും തുടരുകയാണ്. വരും ദിവസങ്ങളിലും കോട്ടയത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.