മലപ്പുറം: വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒമ്പത് മരണം. മലപ്പുറം കൊണ്ടോട്ടി പെരിങ്ങാവിലാണ് വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒമ്പതു പേര്‍ മരിച്ചത്. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്, ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്വാന്‍, ഇര്‍ഫാന്‍ അലി എന്നിവരാണ് മരിച്ചത്.

മലപ്പുറം ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചിരുന്നു. കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

കേരളത്തില്‍ വ്യാപക മഴ പെയ്യുകയാണ്. സംസ്ഥാനത്ത് ഇന്നു മാത്രം 29 പേരാണ് മരിച്ചത്. ഇരുന്നൂറില്‍ പരം ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 20,000 വീടുകളാണ് മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. സംസ്ഥാനത്താകെ 1103 ദുരിതാശ്വസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്ത് ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. റോഡുകള്‍ വെള്ളത്തിനടിയിലാണ്. ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 45 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര്‍ മരിച്ചു.

34 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയെ തുടര്‍ന്ന് 1103 ദുരിതാശ്വസ ക്യാമ്പുകളാണ് തുറന്നത്. ഇതിലായി ഇതുവരെ 109961 പേര്‍ കഴിയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ