കൊച്ചി: കഴിഞ്ഞ ദിവസം വന്‍ മലയിടിച്ചിലുണ്ടായ മൂന്നാര്‍-ദേവികുളം റൂട്ടിലെ ഗ്യാപ് റോഡിനു സമീപം വീണ്ടും മണ്ണിടിച്ചില്‍. ഗ്യാപ് റോഡില്‍ ചൊവ്വാഴ്ചയുണ്ടായ മലയിടിച്ചിലില്‍ രണ്ടുപേരെ കാണാതാവുകയും രണ്ടുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെനിന്നു 400 മീറ്റര്‍ അകലെയായാണ് ഇന്നു രാവിലെ വന്‍ മലയിടിച്ചിലുണ്ടായത്.

അശാസ്ത്രീയ നിര്‍മാണമെന്നു റവന്യൂ വകുപ്പു കണ്ടെത്തിയ മൂന്നാര്‍-ബോഡിമെട്ട് ഹൈവേയുടെ ഭാഗമായ ഗ്യാപ് റോഡിലാണു രണ്ടര മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തുടര്‍ച്ചയായി മലയിടിച്ചിലുണ്ടായത്. അപകടത്തെത്തുടര്‍ന്നു ദേവികുളം-ഗ്യാപ് റോഡ് റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയുണ്ടായ മലയിടിച്ചിലില്‍ കാണാതായവരില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ഉദയന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്ന ഇയാള്‍ മലയിടിച്ചിലില്‍ വാഹനത്തില്‍നിന്നു തെറിച്ച് കൊക്കയില്‍ വീഴുകയായിരുന്നു. കാണാതായ തമിഴ്നാട് സ്വദേശിക്കായുള്ള തിരച്ചില്‍ മൂന്നാംദിവസവും ദിവസവും തുടരുകയാണ്. ഗ്യാപ് റോഡിലെ പാറയും മണ്ണും നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവര്‍ കൃഷ്ണഗിരി ചെന്നാട്ടര്‍ സ്വദേശി കലെയരശനു (18) വേണ്ടിയാണു തിരച്ചില്‍ നടക്കുന്നത്. ഇയാളുടെ വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം മണ്ണിനടിയില്‍നിന്നു കണ്ടെടുത്തിരുന്നു.

Read More: ഇന്നത്തെ പ്രധാന കേരള വാർത്തകൾ

ജൂലൈ 28 വെളുപ്പിനു കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡില്‍ വന്‍ മലയിടിഞ്ഞ് ഗതാഗതം നിലച്ചിരുന്നു. ഒന്നരമാസത്തിനു ശേഷമാണു ഗ്യാപ് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്. ജൂലൈ 28 നുണ്ടായ മലയിടിച്ചിലിനുശേഷം ചെറുതും വലുതുമായ പതിനാലോളം മലയിടിച്ചിലാണ് ഈ റൂട്ടിലുണ്ടായത്. ജൂലൈ 28നു മലയുടെ ഒരുഭാഗം പൂര്‍ണമായി റോഡിലേക്കു പതിക്കുകയായിരുന്നു. ഗ്യാപ് റോഡിലെ കിളവിപ്പാറ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ചു തട്ടുകടകളും മലയിടിച്ചിലില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

റോഡ് നിര്‍മാണത്തിനു കരാറെടുത്ത കമ്പനി അശാസ്ത്രീയമായി പാറ പൊട്ടിച്ചതിനെത്തുടര്‍ന്നാണു വന്‍തോതില്‍ റോഡിലേക്കു പാറ ഇടിഞ്ഞുവീണതെന്നും റോഡ് പുറമ്പോക്ക് ഉള്‍പ്പടെ കൈയേറിയാണു കരറുകാരന്‍ പാറപൊട്ടിച്ചെതെന്നും മുന്‍ ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയ നിര്‍മാണം മൂലം മേഖലയില്‍ വീണ്ടും മലയിടിച്ചിലിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.