കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്നലെ രാത്രിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച കനത്തമഴയിലും ഉരുള്‍പൊട്ടലിലും കോഴിക്കോടു ജില്ലയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഏഴുപേര്‍ ഉരുള്‍പൊട്ടലിലും പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഒരാളുമാണ് മരിച്ചത്.

മരിച്ച ഹസന്റെ കൊച്ചുമകള്‍ റിയ മറിയത്തിന്റെ മൃതദേഹമാണ് ഇന്നലെ തിരച്ചിലിനിടെ കിട്ടിയത്. നാലു കുട്ടികളടക്കം എട്ടുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും ആറുപേരെ കൂടി കണ്ടെത്താനുണ്ട്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്‌ദുറഹ്മാന്‍ (60), അബ്‌ദുറഹ്മാന്റെ മകന്‍ കരിഞ്ചോല ജാഫര്‍ (35) ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്‌ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഏഴുപേരുടേയും മൃതദേഹങ്ങള്‍ വെട്ടിയൊഴിഞ്ഞതോട്ടം ജുമാമസ്ജിദില്‍ സംസ്‌കരിച്ചു.

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാലു വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി.

ഈ മാസം 18 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. മലയോര മേഖലയിലുളളവര്‍ക്കും തീരപ്രദേശങ്ങളിലുളളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ