കൊച്ചി: ഭൂമി വില്‍പ്പന വിവാദം  ക്രിസ്മസിനെയും വിവാദത്തിലാക്കി. വിവാദത്തിന്രെ പേരിൽ കമ്മീഷനും നടപടികളുമായി മുന്നോട്ട് പോകുന്ന  എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് കുര്‍ബാനയില്‍ നിന്നു കര്‍ദിനാള്‍  മാർ ആലഞ്ചേരി വിട്ടു നിന്നു എന്ന വാർത്ത സഭയ്ക്കുളളിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ്.  ക്രിസ്മസ് രാത്രി എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കേണ്ട മാര്‍ ആലഞ്ചേരി ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് വാർത്ത. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്ന് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കാലങ്ങളായി പാതിരാ കുര്‍ബാനയില്‍ കാര്‍മിതക്വം വഹിക്കുന്നത് കര്‍ദിനാളാണ്. കര്‍ദിനാളിന്റെ അഭാവത്തില്‍ മാത്രമാണ് സഹായ മെത്രാന്‍മാരെത്തുക. എന്നാല്‍ ഇത്തവണ മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാല്‍ സഹായ മെത്രാന്മാര്‍ മറ്റു പള്ളികളില്‍ അതിഥികളായി പോവുകയായിരുന്നു. അവസാന നിമിഷം കര്‍ദിനാള്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നതോടെ എറണാകുളം സെന്റ് മേരീസ് ബസലിക്ക വികാരിയാണ് ക്രിസ്മസ് രാത്രിയിലെ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍മൂലമാണ് കര്‍ദിനാള്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്നാണ് സഭാ നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന കാലത്ത് മാർ വർക്കി വിതയിത്തിലിനെ പോലുളളവർ കുർബാനയ്ക്ക് എത്തിയിട്ടുണ്ടെന്ന് വിശ്വാസികൾ പറയുന്നു. അതേസമയം അടുത്തിടെയുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് മാർ ആലഞ്ചേരി കുർബാനയിൽ പങ്കെടുക്കാതിരുന്നതെന്നാണ്  സഭാ നേതൃത്വവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

ഭൂമി വിൽപ്പനയ്ക്ക് നേതൃത്വം കൊടുത്ത സഭാ നേതൃത്വത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരുവിഭാഗം വൈദികർ മാർപ്പാപ്പയ്ക്ക് കത്തയച്ചു. വിവാദം ശക്തമായതോടെ ഇടപാടുമായി ബന്ധപ്പെട്ട രണ്ട് വൈദികരെ  മാറ്റി നിർത്തി. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഫിനാൻസ് ഓഫീസറായിരുന്ന ഫാ. ജോഷി പുതവയെയും മോൺ. സെബാസ്റ്റ്യൻ വടക്കും പാടനെയുമാണ് ചുമതലകളിൽ നിന്നും മാറ്റാൻ തീരുമാനമായത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ നൽകിയ ഇടക്കാല റിപ്പോർട്ടിന്രെ അടിസ്ഥാനത്തിലാണ് ഇരുവരെയും തൽസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.

കാനൻ, സിവിൽ നിയമങ്ങളുടെ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വൈദികരുടെ നിലപാട്. സാമ്പത്തിക നഷ്ടം മാത്രമല്ല, ധാർമ്മിക വീഴ്ചകളും ഈ വിഷയത്തിൽ പരിഗണിക്കപ്പെടണമെന്ന് അവർ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ധാർമ്മിക വീഴ്ചകൾ പരിഗണിക്കണമെന്ന ആവശ്യമുയരുന്നത് സഭയിൽ വലിയ ചലനമുണ്ടാക്കിയേക്കും എന്ന് കരുതുന്നവരുണ്ട്. ധാർമ്മിക വീഴ്ചകൾ പരിഗണിക്കണമെന്ന വാദമുയരുമ്പോൾ അത് വിരൽ ചൂണ്ടുന്നത് കർദ്ദിനാളിന് നേരെ ആയിരിക്കുമെന്നാണ് സൂചന. ഈ ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽ നിന്നും കർദിനാളിന് ഒഴിയാൻ സാധിക്കാതെ വരും. കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ മാർപാപ്പയെ അറിയിക്കാൻ തീരുമാനിച്ചതിന് ഒപ്പമാണ് ഈ നിലപാടും ഇവർ വ്യക്തമാക്കുന്നത്.

അന്വേഷണ കമ്മീഷന്രെ അന്തിമ റിപ്പോര്‍ട്ടിനു ശേഷം ഭൂമി വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വത്തിക്കാന് നേരിട്ട് അയക്കാനാണ് വൈദിക സമിതിയുടെ നീക്കം. അതേസമയം, മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ സ്ഥാനത്തുനിന്നു മാറണമെന്നു പറയാതെ പറഞ്ഞ് പല വൈദികരും രംഗത്തെത്തുന്നത് സഭാ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ‘കര്‍ദിനാള്‍ ആലഞ്ചേരി രാജിവയ്ക്കണമെന്നു ഞങ്ങളാരും തന്നെ ആവശ്യപ്പെടില്ല. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹവും വത്തിക്കാനുമാണ്’ ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു.

ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള ആലോചനയിലാണിപ്പോള്‍ ഒരു വിഭാഗം വൈദികര്‍. എന്നാല്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

അതിരൂപതാ കാര്യാലയത്തിന്രെ തീരുമാനപ്രകാരം സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. സ്ഥലം വാങ്ങിയതിലും വിറ്റതിലും വിലനിർണയത്തിലൂടെയയും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വൈദികരുടെ പരാതി. കാക്കനാടുളള റിയൽ എസ്റ്റേറ്റ് ഏജൻസിയെ ഫിനാൻസ് ഓഫീസർ കഴിഞ്ഞ വർഷം ജൂണിൽ ചുമതലപ്പെടുത്തി. അതി രൂപതാ കാര്യാലയത്തിന്രെ തീരുമാനം സ്ഥലത്തിന് ഒമ്പത് ലക്ഷം രൂപ വച്ച് വിൽക്കാനായിരുന്നു. എന്നാൽ വസ്തു ഇടപാടുകൾക്ക് ചുമതലപ്പെടുത്തിയ ഇടനിലക്കാരനിൽ നിന്നും 35 കോടി രൂപ കിട്ടാനുണ്ടെന്നും വൈദികർ പറയുന്നു.

‘ഭൂമി വില്‍പ്പനയില്‍ നിന്നു 12 കോടി രൂപ പണമായി ലഭിച്ചുവെന്നു നേരത്തേ ഭൂമി വില്‍പ്പനയ്ക്കു നേതൃത്വം നല്‍കിയവര്‍ വൈദികരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക അതിരൂപതയുടെ അക്കൗണ്ടില്‍ വരവുവച്ചിട്ടില്ല. ഈ തുക എന്നാണു ലഭിച്ചതെന്നു വിശദീകരിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാമ്പത്തിക ആരോപണം ഉണ്ടാകുന്നത്. ഈ വിഷയത്തില്‍ ഇവിടെ നിന്നു നല്‍കുന്ന റിപ്പോര്‍ട്ടിനു ശേഷം വത്തിക്കാന്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ’ ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു.

കുറച്ചുകാലം മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. തുടക്കത്തില്‍ തന്നെ ഭൂരിഭാഗം വൈദികരും എതിര്‍ത്തെങ്കിലും ഇതു വകവയ്ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിട്ടുമില്ല. മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടയ്ക്കുന്നത്. ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത്തരത്തില്‍ പണം മുഴുവന്‍ ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയെന്നതാണ് മാര്‍ ആലഞ്ചേരിക്കു നേരെ വൈദികര്‍ തിരിയുന്നതിലേക്കു നയിച്ചത്.

അതേസമയം, രൂപതയ്ക്കു ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന്‍ ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇനി ലഭിക്കാനുള്ളത് 34 കോടി രൂപയാണെന്നും ഇതു വാങ്ങിയെടുക്കാന്‍ സഭ പരിശ്രമിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ പോള്‍ കരേടന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ