തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം അവശേഷിക്കെ ഭൂമി വിഷയങ്ങള്‍ ഇടുക്കി ജില്ലയില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി മാറുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്നു പാര്‍ലമെന്റിലേക്കു ജോയ്‌സ് ജോര്‍ജിനെ തിരഞ്ഞെടുക്കാന്‍ സഹായിച്ചത് കസ്‌തൂരി രംഗനും പട്ടയവും ഉള്‍പ്പടെയുള്ള ഭൂമി വിഷയങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പുതന്നെ അതേ ഭൂമി വിഷയങ്ങളുടെ പേരില്‍ ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മും കൊമ്പുകോര്‍ക്കുകയാണ്. ഇതിനിടെ സിപിഐ ഭരിക്കുന്ന റവന്യൂ, വനം വകുപ്പുകളെ ഉന്നമിട്ട് അതിജീവന പോരാട്ട വേദിയെന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന ജനകീയ സമിതിയുടെ പേരിലും സമരങ്ങള്‍ നടക്കുന്നുണ്ട്.

സിപിഎമ്മിന്റെ ഒത്താശയോടെ നടക്കുന്ന ഈ സമരങ്ങളില്‍ കോണ്‍ഗ്രസും ജനാധിപത്യ കോണ്‍ഗ്രസും ഹൈറേഞ്ച് സംരക്ഷണ സമിതിയുമെല്ലാം പങ്കാളികളാകുന്നുണ്ട്. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലം ഒഴികെയുളള പ്രദേശങ്ങളില്‍ തിങ്കളാഴ്‌ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രണ്ടു തവണ മാറ്റിവച്ച ഹര്‍ത്താലാണ് തിങ്കളാഴ്‌ച നടത്തുന്നതെങ്കിലും ഇപ്പോഴത്തെ ഹര്‍ത്താലിന്റെ പ്രധാന്യമെന്താണെന്നും അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുകയെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും മറുപടി പറയാന്‍ കഴിയുന്നുമില്ല.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കുക, പത്തുചെയിന്‍ മേഖലയിലെ എല്ലാവര്‍ക്കും പട്ടയം നല്‍കുക, വന്യജീവി ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി വേണമെന്ന നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയ ഉത്തരവു പിന്‍വലിക്കുക, മരംമുറിക്കാനുള്ള അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും വനം, റവന്യൂ വകുപ്പുകള്‍ നിലവില്‍ തന്നെ പരിഹരിച്ചതാണെന്നും കസ്‌തൂരി രംഗന്‍ ഉത്തരവിറക്കാന്‍ എന്തിനു വേണ്ടിയാണ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നുമുള്ള മറുചോദ്യമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ.കെ.ശിവരാമന്‍ ഉന്നയിക്കുന്നത്.

അടിമാലിയില്‍ അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപരോധ സമരം

അതേസമയം, ഇടുക്കി ജില്ലയില്‍ സിപിഎം-സിപിഐ പാര്‍ട്ടികള്‍ക്കിടയില്‍ തുടരുന്ന തര്‍ക്കത്തില്‍ വനം റവന്യൂ വകുപ്പുകള്‍ക്കെതിരേ പ്രത്യക്ഷ സമരവുമായി സിപിഎം നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് ഹര്‍ത്താലിനെപ്പോലും പ്രതിരോധിക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ല. അതിജീവന പോരാട്ട വേദിയെന്ന പേരില്‍ മൂന്നാറിനു സമീപമുളള എട്ടു വില്ലേജുകളില്‍ വനം, റവന്യൂ വകുപ്പുകള്‍ക്കെതിരേ ജനകീയ സമിതി നടത്തുന്ന സമരത്തിന് എല്ലാ ആശിര്‍വാദവും നല്‍കി ഒപ്പം നില്‍ക്കുന്നതും സിപിഎം ജില്ലാ നേതൃത്വം തന്നെയാണ്. കഴിഞ്ഞ ദിവസം അടിമാലിയില്‍ നടന്ന റോഡ് ഉപരോധ സമരത്തിനു മുന്നില്‍ നിന്നതു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളായിരുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കസ്‌തൂരി രംഗന്‍, പട്ടയം വിഷയങ്ങളുടെ പേരില്‍ എല്‍ഡിഎഫും കോണ്‍ഗ്രസും ഹൈറേഞ്ച് സംരക്ഷണ സമിതിയുമെല്ലാം ഇരുപതിലധികം ഹര്‍ത്താലുകളാണ് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടുക്കി ജില്ലയില്‍ മാത്രം നടത്തിയത്. എന്നാല്‍ പട്ടയം, കസ്‌തൂരി രംഗന്‍ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രണ്ടു വര്‍ഷം വീതം ഭരണത്തിലിരുന്ന കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കഴിഞ്ഞോയെന്ന ചോദ്യം മാത്രം ഇപ്പോഴും ബാക്കിയാവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.